ജോളിയെ എന്‍ഐടി കാമ്പസിലെ കാന്റീനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

കോഴിക്കോട്: കൂടത്തായി കേസിലെ പ്രതി ജോളിയെ എന്‍ഐടി കാമ്പസിലെ കാന്റീനില്‍എത്തിച്ച് തെളിവെടുപ്പ് നടത്തി. കാന്റീന്‍ ജീവനക്കാരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി.എന്‍ഐടിയില്‍ പ്രൊഫസറാണെന്നായിരുന്നു ജോളി ബന്ധുക്കളെയും സുഹൃത്തുക്കളെയും ധരിപ്പിച്ചിരുന്നത്. പതിവായി ജോളി ഈ കാന്റീനില്‍ എത്തിയിരുന്നതായും ജീവനക്കാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

എന്‍ഐടി ക്യാന്റീനില്‍ എത്തിക്കുന്നതിന് മുമ്പ് അന്വേഷണ സംഘം ജോളിയെ എന്‍ഐടിക്ക് സമീപത്തുള്ള ഒരു പള്ളിയിലെത്തിച്ചിരുന്നു. എന്‍ഐടി ക്യാമ്പസിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പള്ളിയിലാണ് എത്തിച്ചത്. എന്നാല്‍ തെളിവെടുപ്പിന്റെ ഭാഗമായാണോ പള്ളിയില്‍ എത്തിച്ചതെന്ന് വ്യക്തമല്ല. സിലിയുടെ കുഞ്ഞിന്റെ ആദ്യകുര്‍ബാന നടന്നത് ഈ പള്ളിയില്‍ വെച്ചാണെന്നാണ് സൂചന.

ഇന്ന് രാവിലെയാണ് ജോളിയെ അന്വേഷണ സംഘം പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ശേഷം മഞ്ചാടിയില്‍ മാത്യുവിന്റെ വീട്ടിലും പിന്നീട് ഷാജുവിന്റെ വീട്ടിലും എത്തിച്ചു തെളിവെടുപ്പ് നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ