ഇന്ത്യ – ചൈന നയതന്ത്രബന്ധത്തിന് പുതിയ പാത തുറന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ചെന്നൈ: തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന ഇന്ത്യ – ചൈന അനൗപചാരിക ഉച്ചകോടി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന് പുതിയ പാത തുറന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായെന്നും നയതന്ത്രതലത്തിലുള്ള ആശയവിനിമയം കൂടി എന്നും മോദി പറഞ്ഞു.

അതേസമയം, അനൗദ്യോഗിക ഉച്ചകോടിയ്ക്കിടെ നയതന്ത്രബന്ധത്തില്‍ ഹൃദയം തുറന്നുള്ള ചര്‍ച്ചയുണ്ടായി എന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു.

മഹാബലിപുരം കോവളത്തെ താജ് ഫിഷര്‍മെന്‍സ് കോവ് ഹോട്ടലില്‍ രാവിലെ പത്ത് മണിയോടെ ആരംഭിച്ച മോദി-ഷീ അനൗദ്യോഗിക കൂടിക്കാഴ്ച പതിനൊന്നരയോടെയാണ് പൂര്‍ത്തിയായത്. വെങ്കലത്തില്‍ തീര്‍ത്ത വിഷ്ണുപ്രതിമയടക്കം വച്ച് അലങ്കരിച്ച ഇടത്തായിരുന്നു ഇരുവരും അനൗദ്യോഗികമായി ചര്‍ച്ച നടത്തിയത്.

അതേസമയം ഇന്നലെ അത്താഴവിരുന്നിനിടെ ഇരുനേതാക്കളും തമ്മില്‍ ഒരുമണിക്കൂറിലധികം ചര്‍ച്ച നടത്തി. മുന്‍കൂട്ടി നിശ്ചയിക്കാത്ത ചര്‍ച്ചയായിരുന്നു നടന്നത്. കൂടിക്കാഴ്ചയില്‍ കശ്മീരും ചര്‍ച്ചയായെന്ന സൂചനകളാണ് ലഭിക്കുന്നത്.

ഉച്ചയ്ക്ക് ഇരുവരും ചേര്‍ന്ന് കടല്‍ത്തീരത്ത് നടത്തുന്ന ഉച്ചയൂണോടെ ഉച്ചകോടിയ്ക്ക് അവസാനമാകും. ഇതിന് ശേഷം സീ ജിന്‍പിങ് പോകുന്നത് നേപ്പാളിലേയ്ക്കാണ്.