കോടിയേരി ഓര്‍ത്തഡോക്സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

കോന്നി:ഉപതിരഞ്ഞെടുപ്പ് അടുത്ത് വരികെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയസ് പൗലോസ് ദ്വിതീയന്‍ ബാവയുമായി കൂടിക്കാഴ്ച നടത്തി. കോഴഞ്ചേരി കാട്ടൂര്‍ പള്ളിക്ക് സമീപമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സിപിഎം നേതാക്കളായ രാജു എബ്രഹാം എംഎല്‍എയും കെ.ജെ.തോമസും കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു.

കോടിയേരിയും ബസേലിയസ് ബാവയും അരമണിക്കൂറോളം അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി. ഒരു ശവസംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് കോഴഞ്ചേരിയിലെത്തിയതായിരുന്നു പൗലോസ് ദ്വിതീയന്‍ ബാവ. കൂടിക്കാഴ്ചയില്‍ കോടിയേരി ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ തേടിയതായാണ് സൂചന.

സഭാ തര്‍ക്ക വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും തങ്ങളെ സഹായിക്കുന്നില്ലെന്നും സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തിയുണ്ടെന്നും കാണിച്ച് ഓര്‍ത്തഡോക്സ് സഭ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ കോന്നിയിലടക്കം ഇരുമുന്നണികള്‍ക്കുമെതിരെ ഓര്‍ത്തഡോക്സ് സഭ നിലപാടെടുക്കുമെന്നും ഇത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ബിജെപിയും അവകാശപ്പെട്ടിരുന്നു.സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് സഭയെ പിന്തുണക്കുന്നെന്ന് ബിജെപി നേതാക്കള്‍ പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്‍ സഭാമേലധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ