പൊലീസിനെ വെട്ടിലാക്കിയത് ജോളിയുടെ അഭിഭാഷകന്‍

വടകര: കൂടത്തായി കേസില്‍ ജോളിയുടെ അഭിഭാഷകനെതിരെ വിമര്‍ശനവുമായി കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍. കേസില്‍ ജോളിക്ക് ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ പരിശീലനം നല്‍കിയത് അഭിഭാഷകനാണെന്ന് അദ്ദേഹം പറഞ്ഞു.

കൊലപാതകം നടത്തിയത് ജോളിതന്നെയാണെന്ന് പൊലീസിന് ആദ്യമേ തന്നെ അറിയാമായിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായാണ് കല്ലറ തുറന്ന് പരിശോധന നടത്തിയത്. കല്ലറ പൊളിക്കുന്നതിന്റെ തലേദിവസം വേണമെങ്കില്‍ പോലീസിന് ജോളിയെ അറസ്റ്റ് ചെയ്യാമായിരുന്നു. അന്ന് താമരശേരി പോലീസ് സ്റ്റേഷന് മുന്നിലൂടെയാണ് ജോളി അഭിഭാഷകനെ കാണാന്‍ പോയത്. അഭിഭാഷകനാണ് ചോദ്യം ചെയ്യലില്‍ പ്രതിരോധിക്കാന്‍ ജോളിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്- അദ്ദേഹം പറഞ്ഞു.

അറസ്റ്റിന് ശേഷം ജോളി കുറ്റസമ്മതം നടത്താതെ പ്രതിരോധിച്ചു നിന്നത് അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ്. എന്നാല്‍ പിന്നീട് എല്ലാ കൊലപാതകങ്ങളിലും അവര്‍ കുറ്റ സമ്മതം നടത്തി. അഭിഭാഷകന് പ്രൊഫഷണലിസമാകാം. കക്ഷിയെ സഹായിക്കാം. എന്നാല്‍ കുറച്ചൂകൂടി സാമൂഹിക പ്രതിബന്ധത കാണിക്കേണ്ടതായിരുന്നു.- എസ്.പി പറഞ്ഞു. തനിക്ക് ഒരുപാട് നല്ല അഭിഭാഷക സുഹൃത്തുക്കളുണ്ട്. അഭിഭാഷകരെ കുറ്റം പറയുകയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആറുപേരെയും കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് മുഖ്യപ്രതി ജോളി സമ്മതിച്ചതായും പിടിക്കപ്പെടുമെന്ന് ജോളി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും, പറ്റിപോയെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോളിയുടെ പ്രധാന ലക്ഷ്യം സാമ്പത്തികമായിരുന്നു. ആര്‍ഭാട ജീവിതം നയിക്കാനായിരുന്നു കൊലപാതകങ്ങള്‍ നടത്തിയത്. സ്ഥലം വിറ്റ് കിട്ടിയ പത്ത് ലക്ഷം രൂപയൊക്കെ ചെലവഴിച്ചു’-എസ്.പി പറഞ്ഞു.അതേസമയം, പൊലീസ് അറിയാത്ത പല കാര്യങ്ങളും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു മാദ്ധ്യമങ്ങളോട് പറയുന്നുണ്ടെന്നും, ഇക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നുണ്ടെന്നും എസ്.പി പറഞ്ഞു. അതോടൊപ്പം ഷാജു നിരപരാധിയോ അപരാധിയോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ടത്തിലെ ജോളിയുടെ പെരുമാറ്റത്തില്‍ സംശയമുണ്ടായിരുന്നെന്നും, അവരുടെ ജോലിയെക്കുറിച്ചും മറ്റും കൂടുതല്‍ അന്വേഷിച്ചപ്പോള്‍ സംശയം ബലപ്പെട്ടുവെന്ന് എസ്.പി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് വിധേയയാകില്ലെന്ന് നേരത്തെ ജോളി പറഞ്ഞതും,കല്ലറ തുറപ്പിക്കാതിരിക്കാന്‍ ശ്രമിച്ചതൊക്കെ സംശയത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ആരെങ്കിലും ഒരാള്‍ ഈ മരണങ്ങളൊക്കെ നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് ഉണ്ടായിട്ടുണ്ടോ, ആശുപത്രിയിലെത്തിക്കാന്‍ താമസമുണ്ടായോ എന്നൊക്കെ അന്വേഷിച്ചുവെന്നും കെ.ജി സൈമണ്‍ പറഞ്ഞു.