കൊച്ചിയിലെ സ്വകാര്യ ലോഡ്ജില്‍ അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി:എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള സ്വകാര്യ ലോഡ്ജില്‍ അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍. ബെംഗളൂരു ശാസ്ത്രി നഗര്‍ സ്വദേശികളായ പി. രാധാമണി (64), ആര്‍. സുരേഷ് കുമാര്‍ (43), ആര്‍. സന്തോഷ് കുമാര്‍ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തോളം പഴക്കമുണ്ട്. ഈ മാസം പതിനാലിനാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. രണ്ടുദിവസത്തിനു ശേഷം മടങ്ങുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസമായി പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസുകാര്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിക്കുള്ളില്‍നിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.