വിദ്യാഭ്യാസം എന്നാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത മന്ത്രി; കെ.ടി ജലീലിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസം എന്നാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത മന്ത്രിമാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നമ്മുടെ നാട്ടിലെ സര്‍വകലാശാലകളുടെ സ്ഥിതിയെന്താകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

കെ.ടി.ജലീലിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാ ശരിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ്.ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍ സമ്മതിച്ചിരിക്കുകയാണ്.മന്ത്രിയുടെ ഇടപെടല്‍ ശരിയല്ലെന്നും ഇത് ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുമെന്നും ഇന്നലെ രാജന്‍ ഗുരുക്കള്‍ പറയുകയുണ്ടായി. ഇനിയെങ്ങനെയാണ് ജലീലിന് മന്ത്രിസ്ഥാനത്ത് തുടരനാവുക. രാജന്‍ ഗുരുക്കളുടെ വാക്കുകള്‍ മുഖ്യമന്ത്രിയും ഗവര്‍ണറും കേള്‍ക്കണം. ജലീല്‍ തന്നെ അധ്യക്ഷനായിട്ടുള്ള സമിതിയുടെ ഉപാധ്യക്ഷനാണ് രാജന്‍ ഗുരുക്കളെന്നും ചെന്നിത്തല പറഞ്ഞു.

എസ്.എഫ്.ഐ എന്നൊരു വിദ്യാര്‍ത്ഥി പ്രസ്ഥാനം നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടോ… റാഗിങ് പേടിച്ച ഒരു വിദ്യാര്‍ഥിയെ കോളേജ് മാറ്റി നല്‍കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സമരം ചെയ്തവരാണവര്‍. യൂണിവേഴ്സിറ്റികളുടെ അന്തസ്സും നിലവാരവും തിരിച്ച് പിടിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കണം. അന്വേഷണം നടക്കും വരെ മന്ത്രി സ്ഥാനത്ത് നിന്ന് നില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.