സിലിയുടെ മരണം ഷാജുവിന്‍റെ അറിവോടെയെന്നു സൂചന: ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിൽ സിലിയുടെ മരണം ഷാജുവിന്റെ അറിവോടെയെന്ന നിഗമനത്തിൽ പൊലീസ്.സിലിയുടെ മരമവുമായി ബന്ധപ്പെട്ട് ജോളിനൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.ഇന്ന് വടകര എസ്.പി ഓഫീസിൽ ഹാജരാകാനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.സിലിയുടെ മരണത്തിൽ ഷാജുവിനു പങ്കുണ്ടെന്നാണു ക്രൈം ബ്രാഞ്ചിന്റെ നിഗമനം. സിലിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യരുതെന്ന് ഷാജുവും ജോളിയും വാശി പിടിച്ചതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്. സിലിയുടെ മരണശേഷം ജോളി ഷാജുവിന്റെ ഫോണിലേക്ക് മരണവിവരം അറിയിച്ചുകൊണ്ട് സന്ദേശം അയച്ചിരുന്നു ‘എവരിതിങ് ക്ലിയർ’എന്നതായിരുന്നു സന്ദേശം.

റോയി മരിച്ചശേഷം ജോളി ഷാജുവുമായി അടുക്കാൻ ശ്രമിച്ചത് സിലി മനസ്സിലാക്കിയിരുന്നു. ഇടയ്ക്കിടെ പുലിക്കയത്തെ വീട്ടിലേക്ക് ജോളി എത്തിയതും ഷാജുവുമായി അടുത്ത് ഇടപഴകാൻ ശ്രമിച്ചതുമാണ് സംശയത്തിന് ഇടയാക്കിയത്. ഇതേച്ചൊല്ലി ഇടയ്ക്ക് കലഹവുമുണ്ടായി. സിലിയെ ഒഴിവാക്കാൻ ജോളി തീരുമാനിക്കുന്നത് ഈ സാഹചര്യത്തിലാണ്. സംശയം തോന്നാതിരിക്കാനായി സിലിയുമായുള്ള സൗഹൃദം തുടർന്നു. ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊല്ലാനായി മൂന്ന് തവണ സയനൈഡ് നൽകിയെന്ന് ജോളി കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. 2016 ജനുവരി 11നായിരുന്നു സിലിയുടെ മരണം. അന്നേ ദിവസം മണിക്കൂറുകൾക്കുള്ളിലാണ് സിലിക്ക് ഭക്ഷണത്തിലും, ഗുളികയിലും, വെള്ളത്തിലുമായി സയനൈഡ് നൽകിയത്. താമരശേരി ദന്താശുപത്രിയിൽ കുഴഞ്ഞു വീണ സിലിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാതെ ജോളി ഓമശ്ശേരിയിലേക്ക് കൊണ്ട് പോയതും മരണം ഉറപ്പുവരുത്താനായിരുന്നു. അവസാനമായി സിലി ഭക്ഷണം കഴിച്ചത് ജോളിയുടെ വിട്ടിൽ നിന്നായിരുന്നുവെന്ന് മകനും കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു.