സിലി മരിച്ച ശേഷം ആശുപത്രിയില്‍ വെച്ചു തന്നെ ജോളി ഷാജിക്ക് അയച്ചു; ‘എവരിതിങ് ക്ലിയര്‍’ – ഷാജുവിന് കുരുക്ക് https://thalsamayamonline.com/news/jolly-and-shaju-in-koodathayi-case-778106

വടകര: ഷാജുവിന്റെ ആദ്യഭാര്യ സിലിസെബാസ്റ്റ്യനെ വകവരുത്തിയ ശേഷം എവരിതിങ് ക്ലിയര്‍ എന്ന മൊബൈല്‍ സന്ദേശം ജോളി ഭര്‍ത്താവിന് അയച്ചതായി മൊഴി. സിലിയോടുള്ള അടങ്ങാത്ത വിരോധം കാരണമായിരുന്നു ആശുപത്രിയില്‍ തൊട്ടടുത്തുണ്ടായിരുന്ന ഷാജുവിന് ഇത്തരത്തില്‍ സന്ദേശം അയക്കാന്‍ ജോളിയെ പ്രേരിപ്പിച്ചത്. കുരുക്കുന്ന തെളിവുകള്‍ കിട്ടിയതോടെ ഷാജുവിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനയുമുണ്ട്. റോയി മരിച്ച ശേഷം ജോളി ഷാജുവുമായി അടുത്തതാണ് സിലിയോട് പ്രതിക്കുണ്ടായ വിദ്വേഷത്തിന് കാരണം. ഇടയ്ക്കിടെ ജോളി വീട്ടില്‍ എത്തിയിരുന്നു. ഇത് സിലി ചോദ്യം ചെയ്യുകയും കലഹം ഉണ്ടാകുകയും ചെയ്തിരുന്നു. ഷാജുവിനോട് കൂടുതല്‍ അടുപ്പം വേണ്ടെന്ന് സിലി ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് സിലിയെ വകവരുത്താന്‍ ജോളി തീരുമാനിച്ചത്.

സിലിയുടെ മകള്‍ ആല്‍ഫൈനെ ആണ് ഇല്ലാതാക്കിയത്. ഭാര്യയുടെ കാര്യത്തിലും താന്‍ തീര്‍പ്പുണ്ടാക്കുമെന്ന് ഷാജു ജോളിയോട് പറഞ്ഞിരുന്നു. അത് ഷാജു മിണ്ടാതെ കേള്‍ക്കുകയായിരുന്നു. എന്നാല്‍ സിലിയെ വകവരുത്തിയത് അവരുമായി സൗഹൃദം ശക്തമാക്കിയാണ്. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് കുഴഞ്ഞു വീണ സിലി, ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് മരിച്ചത്. എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ സഹോദരന്‍ സിജോ അടക്കമുള്ളവര്‍ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂര്‍വം വൈകിക്കുകയായിരുന്നു. തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലോ താമരശ്ശേരിയിലെ സ്വാകര്യ ആശുപത്രിയിലോ കൊണ്ടു പോകാതെ സ്വന്തം കാറില്‍ ഡ്രൈവ് ചെയ്ത് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്.

പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതും ജോളി തന്നെയായിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് ഒപ്പിട്ടു നല്‍കിയത് ഭര്‍ത്താവ് ജോളിയാണ്. സിലിയുടെ മരണത്തിന് ശേഷം ഷാജുവുമായുള്ള വിവാഹത്തെ കുറിച്ച് തന്നോട് സംസാരിച്ചത് ഭര്‍ത്താവിന്റെ പിതാവ് സഖറിയാസാണെന്നും മൊഴിയിലുണ്ട്. ഷാജുവിന് വിയോജിപ്പ് ഉണ്ടായിരുന്നുമില്ല. അതിനിടെ, അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഐ.ജി അശോക് യാദവ് ഇന്ന് താമരശ്ശേരിയില്‍ എത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന അവലോകന യോഗത്തില്‍ തലശ്ശേരി ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍, ഇന്‍സ്‌പെക്ടര്‍ ബി.കെ ബിജു തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.