ഒന്നിനും സമയം തികയാത്തത് എന്ത് കൊണ്ടാണ്?

ശിവകുമാർ
നിസ്സാരമായ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കാത്തതാണ്, സമയമില്ല എന്നു പറയുന്നവരിൽ മിക്കവരുടെയും പ്രശ്നം എന്നു ആലോചിച്ചാൽ മനസ്സിലാവും.

ഈ രണ്ടു കാര്യങ്ങളാവട്ടെ, സിംപിളാണ്. ഒപ്പം പവർഫുളളുമാണ്. ജീവിതത്തിൽ സക്സസ്ഫുൾ ആയ വ്യക്തികളിൽ കാണുന്ന പൊതുവായ കാര്യം, അവരെല്ലാം തങ്ങളുടെ സമയം ഫലപ്രദമായി വിനിയോഗിക്കുന്നവരാണ് എന്നതാണ്.

ലോകത്തിൽ എല്ലാവർക്കും, ഒരു ദിവസത്തിൽ 24 മണിക്കൂർ മാത്രമേ കിട്ടുന്നുള്ളു. പക്ഷേ ചിലർ ഒരു പാട് കാര്യങ്ങൾ ഈ 24 മണിക്കുറിനുള്ളിൽ ചെയ്ത് തീർക്കുമ്പോൾ, മറ്റു ചിലർക്ക് ഒന്നിനും സമയം തികയുന്നില്ല. അതായത് ഈ രണ്ടു കൂട്ടരും, തങ്ങളുടെ സമയം വിനിയോഗിക്കുന്ന രീതിയിലുള്ള വ്യത്യാസമാണ്, സമയക്കുറവിന്റെ യഥാർത്ഥ പ്രശ്നമെന്ന് ചുരുക്കം!.

നൂറു രൂപയുമായി, രണ്ടു പേർ ഒരു സൂപ്പർ മാർക്കറ്റിൽ ചെല്ലുന്നു എന്ന് കരുതുക. ആവശ്യമുള്ള സാധനങ്ങൾ മുഴുവൻ വാങ്ങിയിട്ടും, ഒരാൾക്ക് പൈസ ബാക്കിയാകുന്നു. എന്നാൽ മറ്റേയാൾക്കാകട്ടെ, ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ പൈസ തികയുന്നുമില്ല. ഈ സാഹചര്യത്തിന് സമാനമായ കാര്യമാണ്, പലരും സമയം തികയാതെ വരുന്നു എന്ന പരാതി പറയുന്നതും.

ഇവിടെ, കയ്യിലുള്ള തുക അല്ലെങ്കിൽ സമയം എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന് ചിന്തിക്കാം.

1. ആവശ്യമുള്ള കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുക
—————————————————————————–
നമ്മുക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുക എന്നതാണല്ലോ പ്രധാന ലക്ഷ്യം. അതിനാദ്യമായി വേണ്ടത്, വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റാണ്. നിർബന്ധമായും വേണ്ടതായ സാധനങ്ങളിൽ തുടങ്ങി, പ്രാധാന്യം കുറഞ്ഞവയിൽ അവസാനിക്കുന്ന ലിസ്റ്റ്, സാധാരണ എല്ലാവരും തയ്യാറാക്കുന്നത്, വാങ്ങാനുള്ളവ മറക്കാതിരിക്കാനാണ്. പക്ഷേ, അവ അതിനപ്പുറം വളരെ പ്രയോജനപ്രദമാണ് എന്നതാണ് യാഥാർത്ഥ്യം.

വാങ്ങാനുള്ളവയുടെ ലിസ്റ്റ് ഇല്ലെങ്കിൽ, നമ്മൾ ആദ്യം കാണുന്നവ. വിലക്കുറവുള്ളവ, നമുക്കിഷ്ടപ്പെട്ടവ, എടുക്കാൻ സൗകര്യപ്രദമായവ എന്നിവയൊക്കെ വാങ്ങിയെന്നിരിക്കും. പക്ഷേ കയ്യിലുള്ള തുക നിശ്ചിതമായതിനാൽ, അവസാനം അത്യാവശ്യമുള്ള വാങ്ങാൻ പണം തികയുകയുമില്ല.

അതായത്, അത്യാവശ്യമില്ലാത്ത പാത്രങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവക്ക്, പൈസ ചിലവാക്കിക്കഴിഞ്ഞ് ചായപ്പൊടി, കുളിക്കാനുള്ള സോപ്പ് തുടങ്ങിയവ വാങ്ങാനാവാതെ വരുന്ന സാഹചര്യം ഒന്നാലോചിച്ചു നോക്കുക.

ഇതുപോലെയാണ്, നമ്മുടെ വിലയേറിയ സമയവും. പ്രാധാന്യമില്ലാത്ത കാര്യങ്ങൾക്കായി, സമയം ചിലവഴിക്കുമ്പോൾ, ജീവിതത്തിലെ, പ്രധാനപ്പെട്ട കാര്യങ്ങൾക്ക് സമയമില്ലാതാവുന്നു. പ്രധാനമായും വേണ്ടത്, സമയത്തിന്റെ ഫലപ്രദമായ വിനിയോഗമാണ, ചിലവഴിക്കലല്ല എന്നർത്ഥം. ഓരോ കാര്യത്തിന്റെയും പ്രാധാന്യം അനുസരിച്ച് മാത്രം സമയം വിനിയോഗിക്കുക എന്നതാണ് പ്രധാനം.

സാധനങ്ങൾ വാങ്ങാൻ കയ്യിൽ കരുതുന്ന ലിസ്റ്റ് പോലെ, ദിവസവും ചെയ്ത് തീർക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ലിസ്റ്റ്, നമ്മുടെ കയ്യിലുണ്ടാവണം. ഒന്നോ രണ്ടോ മണിക്കൂർ ഇടവേളയിൽ ഈ ലിസ്റ്റ് പരിശോധിച്ച് പുതുക്കുകയും വേണം. മുൻഗണനാ ക്രമത്തിലോ സമയക്രമമനുസരിച്ചോ അവ ചെയ്ത് തീർക്കുക എന്നതാണ് പ്രധാനം.

മികച്ച ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, ബിസിനസ്സ് പ്രമുഖർ, സെലിബ്രിറ്റീസ് തുടങ്ങിയവരിൽ ഇത്തരം ലിസ്റ്റുകൾ ഇല്ലാത്തവർ അപൂർവ്വമായിരിക്കും. അവരുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം To Do ലിസ്റ്റുകളാണ്.

മൊബൈൽ ആപ്ലിക്കേഷൻ മുതൽ കുഞ്ഞു നോട്ടുപുസ്തകം വരെ ഇതിനായി ഉപയോഗിക്കാം.

നമ്മൾ ദിവസവും ചെയ്യുന്ന കാര്യങ്ങളിൽ പ്രധാനമല്ലാത്തവയും തീരെ അനാവശ്യവുമായ, എത്ര കാര്യങ്ങൾ ഉണ്ടെന്ന് വെറുതെ ഒന്ന് നോട്ട് ചെയ്ത് വയ്ക്കാം. ദിവസവും നമ്മൾ പാഴാക്കിക്കളയുന്ന സമയം എത്രയെന്ന് അറിഞ്ഞാൽ ചിലപ്പോൾ ഞെട്ടിപ്പോയെന്ന് വരാം.

2 ഓരോന്നിന്റെയും വില അഥവാ സമയം മനസ്സിലാക്കി വിനിയോഗിക്കുക.
—————————————————————————-
കയ്യിൽ നൂറ് രൂപയേ ഉള്ളൂ എന്ന് നമുക്കറിയാം. പക്ഷേ അതുകൊണ്ട് ആവശ്യമുള്ള സാധനങ്ങൾ എല്ലാം കിട്ടുമെന്ന് ഉറപ്പാക്കണമെങ്കിൽ, ഓരോ സാധനത്തിന്റെയും വില നമുക്കറിയണം. എങ്കിൽ മാത്രമേ ഓരോന്നും എത്ര വാങ്ങണമെന്ന് തീരുമാനിക്കാനാവൂ.

അല്ലാത്തപക്ഷം, പ്രാധാന്യമേറിയ അരിയും പച്ചക്കറിയും ആവശ്യത്തിലധികം വാങ്ങുകയും എണ്ണ, പഞ്ചസാര, മുളക് പൊടി എന്നിവയ്ക്ക് പണം തികയാതാവുകയും ചെയ്യും. അത് കൊണ്ട് ഓരോ സാധനത്തിന്റെ കൃത്യമായ / ഏകദേശ വില മുൻകൂട്ടി അറിയണമല്ലോ?.

സമയം വിനിയോഗിക്കേണ്ടതും ഇതുപോലെ തന്നെയാണ്. വ്യായാമത്തിന്, പ്രഭാതകൃത്യങ്ങൾക്ക്, വീട് വൃത്തിയാക്കുന്നതിന്, അലക്കുന്നതിന്, കുക്കിംഗിന്, പ്രാതലിന്, ഒരുങ്ങിയിറങ്ങാൻ, യാത്രക്ക് തുടങ്ങി, പത്രവായനക്കും, പുസ്തക വായനക്കും, സോഷ്യൽ മീഡിയക്കും പർച്ചേസിനും, ഫോൺ ചെയ്യാനും, ഇസ്തിരിയിടാനും, ഒക്കെ എത്ര സമയമാവാം എന്നും മുൻകൂട്ടി ധാരണ വേണം. എങ്കിൽ മാത്രമേ ഏതെങ്കിലും ഒരു കാര്യത്തിൽ സമയം കൂടുതലെടുത്താൽ അടുത്ത കാര്യങ്ങളിൽ ആ കുറവ് പരിഹരിക്കാനാവുകയുള്ളു.

അതുപോലെ ആവശ്യമുള്ളതിൽ കൂടുതൽ സമയം ഓരോ കാര്യങ്ങൾക്കുമെടുക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. 20 മിനുട്ടിൽ പ്രഭാത കൃത്യങ്ങൾ നടത്തുന്നവരും, ഇതിനായി ഒരു മണിക്കൂറിൽ കൂടുതൽ സമയം ചിലവഴിക്കുന്നവരുമുണ്ട്. ഇത്തരക്കാർ ബാത്ത് റൂമിലും ഒരു ക്ലോക്ക് സ്ഥാപിക്കുന്നത് ഉചിതമാവും.

ഓരോ കാര്യത്തിനും ആവശ്യത്തിലധികം സമയം ചിലവാക്കുന്നത്, പാഴാക്കുന്നതിന് തുല്യമാണ്. വാസ്തവത്തിൽ ഇങ്ങനെ പാഴാവുന്ന സമയമാണ് പലരുടെയും സമയക്കുറവിന് കാരണമാവുന്നത്.

അതുപോലെ തന്നെ, നമ്മുടെ നിഷ്ക്രിയ സമയം അധിക ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താം.

മിക്കവാറും ദിവസങ്ങളിൽ നമ്മുക്ക് ധാരാളം ഇടവേളകൾ, പ്രത്യേകിച്ച് ഒന്നും ചെയ്യാനാവാത്തവയായി വീണുകിട്ടാറുണ്ടല്ലോ. വായനാശീലമുള്ളവർക്ക് ശരാശരി നാലോ അഞ്ചോ മണിക്കൂർ എങ്കിലും വേണ്ടി വരാം ഒരു പുസ്തകം വായിച്ചു തീർക്കാൻ. പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ അത്രയും സമയം ഒരുമിച്ചു കിട്ടുക എളുപ്പമല്ലല്ലോ. അങ്ങിനെയുള്ള അവസരത്തിൽ, ഇങ്ങിനെ ലഭിക്കുന്ന നിഷ്ക്രിയ സമയം, അതിനായി ഉപയോഗപ്പെടുത്താം.

ബസ്, ട്രെയിൻ, മെട്രോ അല്ലെങ്കിൽ അതു പോലെ നമ്മൾ വാഹനം ഓടിക്കാത്ത യാത്രകളിൽ, ആശുപത്രി മുതൽ സർക്കാർ ഓഫീസിൽ വരെയുള്ള കാത്തിരിപ്പു സമയങ്ങളിൽ ഒക്കെ നമ്മുക്ക് പുസ്തകങ്ങൾ വായിക്കാം. എപ്പോഴും, കയ്യിൽ.ഒന്നോ രണ്ടോ പുസ്തകങ്ങൾ കരുതുന്നത് ഏറെ പ്രയോജനപ്പെടും. അല്ലെങ്കിൽ ഓഡിയോ ബുക്കുകൾ പ്രഭാഷണങ്ങൾ എന്നിവ കേൾക്കാം. ഓഡിയോ ബുക്കുകളാവട്ടെ നമ്മൾ ഡ്രൈവ് ചെയ്യുമ്പോഴും കേൾക്കാവുന്നതുമാണ്.

കുറച്ചു കൂടെ സമയം ഉണ്ടാക്കാൻ വഴിയുണ്ടോ?

ഒരിക്കലും, സമയം സൃഷ്ടിക്കാൻ കഴിയില്ല എന്ന് നമ്മുക്കറിയാം. പക്ഷേ ഫലപ്രദമായി സമയം വിനിയോഗിക്കുന്നവർ, സമയം ഉണ്ടാക്കുന്നുമുണ്ട്. അഥവാ കണ്ടെത്തുന്നുമുണ്ട് എന്നതാണ് വാസ്തവം. വിവിധ കാര്യങ്ങൾ ഒരുമിച്ച് ചെയ്ത് കൊണ്ടാണ്, അവർ മറ്റ് പ്രധാന ആവശ്യങ്ങൾക്കുള്ള സമയം കണ്ടെത്തുന്നത്.

കുക്കിംഗും, വാഷിംഗ് മെഷീനിൽ തുണി കഴുകുന്നതും, ഫോൺ ചെയ്യുന്നതും ഒരുമിച്ച് ചെയ്യുന്ന ധാരാളം കുടുംബിനികളുണ്ട്. പച്ചക്കറി മുറിക്കുന്നതും, കുട്ടിയെ പഠിപ്പിക്കുന്നതും ഒരേ സമയത്ത് ചെയ്യുന്നവരുണ്ടല്ലോ.

അതുപോലെ കുക്കിംഗ് ചെയ്യുന്നതിൽ, ചിലരുടെ വേഗത അത്ഭുതപ്പെടുത്തുന്നതായി കാണാം. ശ്രദ്ധിച്ചാൽ മനസ്സിലാവും, അവർ ഒരേ സമയം പല കാര്യങ്ങൾ ചെയ്യുന്നവരാണെന്ന്.

ഇത്തരത്തിൽ, ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും നമ്മുക്ക് ഒരുമിച്ച് ചെയ്ത് സമയം ലാഭിക്കാൻ സാധിക്കും.

അതുപോലെ തന്നെ, ചെയ്യേണ്ട കാര്യങ്ങൾക്ക് മുൻകൂട്ടി ലിസ്റ്റ് തയ്യാറാക്കിയാൽ, പുറത്ത് പോയി ചെയ്യേണ്ട പല കാര്യങ്ങളും ഒരുമിച്ച് ചെയ്ത് യാത്രാ സമയം ലാഭിക്കാൻ സഹായിക്കും.

ഈ കാര്യങ്ങളൊക്കെ ജോലിയിലും ബിസിനസ്സിലും ബാധകമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? അപ്പോൾ ഒന്ന് ശ്രമിച്ചാൽ തൊഴിൽ ബിസിനസ്സ് മേഖലയിലും മികവ് പുലർത്താൻ അധികമായി ലഭിക്കുന്ന സമയം ഉപകരിക്കും.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതൊക്കെ എളുപ്പത്തിൽ ചെയ്യാവുന്നതാണ് എന്നതാണ്. ഒന്നോ രണ്ടോ ആഴ്ച കൊണ്ടു തന്നെ, മികച്ച ഫലം കാണാമെന്ന് മാത്രമല്ല, ഇവ നമ്മുടെ നല്ല ശീലങ്ങളിൽ ഒന്നായി മാറുകയും ചെയ്യും.

ഓർക്കുക, നഷ്ടപ്പെട്ട സമയം തിരിച്ചു പിടിക്കുവാനോ, ആവശ്യത്തിനുള്ള സമയം സൃഷ്ടിക്കുവാനോ നമ്മുക്ക് സാധിക്കുകയില്ല. അതു കൊണ്ട്, അമൂല്യമായ നമ്മുടെ സമയം, നമ്മുക്കും, നമ്മുടെ കുടുംബത്തിനും, ഒപ്പം സമൂഹത്തിനും പ്രയോജനമുണ്ടാവുന്ന തരത്തിൽ നല്ല കാര്യങ്ങൾക്കായി വിനിയോഗിക്കുക മാത്രമാണ്, ജീവിതത്തിൽ വിജയം നേടാനാഗ്രഹിക്കുന്നവർ ചെയ്യേണ്ടത്.

ശിവകുമാർ