ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും; മാറ്റം വിശ്വാസ സംരക്ഷണത്തിനെന്നും സുകുമാരൻ നായർ

എന്‍എസ്എസ് യുഡിഎഫിന്‌ വേണ്ടി സാമുദായിക സ്വാധീനം ഉപയോഗിച്ച് വോട്ട്പിടിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഉപതെരഞ്ഞെടുപ്പിൽ സ്വീകരിച്ച ശരിദൂരം നിലപാട് ശരിയാണെന്ന് കാലം തെളിയിക്കും. താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ അവരുടെ അഭിപ്രായമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമദൂരത്തിൽനിന്ന് ശരിദൂരത്തിലേക്ക് മാറിയത് വിശ്വാസ സംരക്ഷണത്തിനാണ്. മുന്നോക്ക വിഭാഗത്തിന് നീതി ലഭിക്കുന്നതിനും ആചാര സംരക്ഷണത്തിനും നാടിന്റെ നന്മക്കും വേണ്ടിയാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടി വന്നത്. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയത് അനര്‍ഹമായത് നേടാനോ വഴിവിട്ട നേട്ടങ്ങള്‍ക്കോ വേണ്ടിയല്ലെന്ന് ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കണം. ശരിദൂരം ആയിരുന്നെങ്കിലും പ്രവര്‍ത്തകരെ സംബന്ധിച്ച് അവര്‍ക്കിഷ്ടമുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ വിലക്കില്ലായിരുന്നുവെന്നും സുകുമാരൻ നായർ വ്യക്തമാക്കി. വിശ്വാസം ഇല്ലാതാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും നവോത്ഥാനത്തിന്‍റെ പേരിൽ വർഗീയത വളർത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.