സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 30 വര്‍ഷത്തിനിടെ ആദ്യമായി കരുതല്‍ സ്വര്‍ണം വില്‍ക്കാന്‍ റിസര്‍വ് ബാങ്ക്

മുംബൈ: വരുമാനക്കമ്മി നികത്താന്‍ കരുതല്‍ സ്വര്‍ണ നിക്ഷേപം വില്‍ക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബിമല്‍ ജലാന്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് വില്‍പ്പന. മുപ്പത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ സ്വര്‍ണ നിക്ഷേപത്തില്‍ കൈവയ്ക്കുന്നത്. ഇതുവരെ 1.15 ബില്യണ്‍ യു.എസ് ഡോളര്‍ മൂല്യം വരുന്ന സ്വര്‍ണം ആര്‍.ബി.ഐ വിറ്റതായി പ്രമുഖ ധനകാര്യ മാദ്ധ്യമമായ എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2019 ജൂലൈ മുതല്‍ ഇതുവരെ 5.1 ബില്യണ്‍ യു.എസ് ഡോളര്‍ മൂല്യമുള്ള സ്വര്‍ണം കേന്ദ്ര ബാങ്ക് വാങ്ങിയിട്ടുമുണ്ട്. ഓഗസ്റ്റ് വരെ 1.987 ദശലക്ഷം ഔണ്‍സ് സ്വര്‍ണമാണ് ആര്‍.ബി.ഐയുടെ കൈവശമുള്ളത്. ഒക്ടോബര്‍ ഒന്നിന് ഫോറക്‌സ് റിസര്‍വില്‍ 26.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണ നിക്ഷേപമുണ്ട്.

സര്‍ക്കാറിന്റെ വരുമാനക്കമ്മി നികത്താന്‍ ആര്‍.ബി.ഐയുടെ കരുതല്‍ ധനം എങ്ങനെ ഉപയോഗിക്കാം എന്ന് പഠിക്കാനാണ് 2019ല്‍ കേന്ദ്രധനമന്ത്രാലയം ബിമല്‍ ജലാന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നത്. ഈയിടെ സമിതി നിര്‍ദ്ദേശ പ്രകാരം കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രം കൈപറ്റിയിരുന്നു.
1991 ലെ പ്രതിസന്ധി പരിഹരിക്കാന്‍ യശ്വന്ത് സിന്‍ഹ ധനമന്ത്രിയായിരിക്കെ ബി.ജെ.പി സര്‍ക്കാര്‍ റിസര്‍വ് ബാങ്കിലെ സ്വര്‍ണം പണയപ്പെടുത്തിയിരുന്നു. അന്ന് അന്താരാഷ്ട്ര നാണയനിധി, യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്‌സര്‍ലാന്‍ഡ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയിലാണ് 67 ടണ്‍ സ്വര്‍ണം പണയത്തിനു വച്ചിരുന്നത്. 2009ലാണ് ഇത് തിരിച്ചെടുത്തത്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം സൂക്ഷിക്കുന്ന പത്തു കേന്ദ്രബാങ്കുകളില്‍ ഒന്നാണ് ആര്‍.ബി.ഐ. യു.എസ് ആണ് ഒന്നാമത്. 8133 ടണ്‍ സ്വര്‍ണമാണ് യു.എസ് ഫെഡറര്‍ റിസര്‍വിലുള്ളത്.