ഒരു ദീപാവലി സ്മരണ !

 

ദീപാവലിയെ കുറിച്ചോർക്കുമ്പോൾ കഴിഞ്ഞ രണ്ടു വർഷമായി എനിക്കൊർമ്മ വരിക
സീമ ചേച്ചിയെയാണ്. അതേ, ശ്രീ I. V. ശശിയുടെ പ്രിയ പത്നി. വെള്ളിത്തിരയിലെ നമ്മുടെ സ്വന്തം സീമച്ചേച്ചി.

സാലിഗ്രാമത്തിലെ ഈ ഫ്ലാറ്റ്ൽ നിന്നും, കഷ്ടിച്ച് 1km ദൂരമേയുള്ളൂ അവരുടെ വീട്ടിലേക്ക് എങ്കിലും ഇതു വരെ കാണാൻ സാധിച്ചിട്ടില്ലാട്ടോ.

ഈ എഴുത്തിനാസ്പദമായ സംഭവം നടക്കുന്നത് രണ്ടു വർഷം മുൻപുള്ള ദീപാവലി സമയത്താണേ.
അതായത്, 2017 ഒക്ടോബർ 18 ദീപാവലി നാൾ മുതൽ.

തമിഴ്നാട്ടിൽ ദീപാവലി എന്നാൽ പുതുവസ്ത്രം, പലഹാരം, പടക്കം.. ഇതു മൂന്നുമാണ്. കുട്ടികളോടും, കൂട്ടുകാരോടും ഒപ്പം ഞങ്ങളും ആ വർഷം, ഗംഭീരമായി ആഘോഷിച്ചു. അക്കൊല്ലം അന്തരീക്ഷമലിനീകരണം പോയ വര്ഷങ്ങളേക്കാൾ കൂടുതൽ ആയിരുന്നു.

പൊതുവെ ഒരു അലർജികുടുക്കയായ എനിക്ക്, എല്ലാ വർഷവും ദീപാവലി ആഘോഷത്തിന്റെ വാലറ്റ കഷ്ണം എന്നോണം ജലദോഷം വരുക പതിവാണ്. ആ വർഷവും പതിവ് തെറ്റിയില്ല. പിറ്റേ ദിവസം തന്നെ ആരംഭിച്ചു. ആവിപിടിച്ചും, പതിവ് ഒറ്റമൂലികളാലും. ഒതുക്കാനായി എന്റെ ശ്രമം.
എന്നാൽ ഇക്കുറി അവൻ ബ്രോങ്കൈറ്റിസ്നെയും കൂട്ടുപിടിച്ചു. രണ്ടാം ദിവസം മുതൽ ശ്വാസംമുട്ട് തുടങ്ങി. മരുന്ന് കഴിക്കാൻ മടിച്ചിയായ ഞാൻ “ഇതൊക്കെ എത്ര കണ്ടിരിക്കുന്നു” എന്ന ഭാവത്തിൽ, വകവെക്കാതെ രണ്ടു ദിവസം കൊണ്ടു നടന്നു.

അങ്ങനെ, ഒക്ടോബർ 22ആം തിയതി രാത്രി, ബ്രോങ്കൈറ്റിസ് എന്ന ഭീകരൻ തന്റെ സർവ്വ ശക്തിയും പുറത്തെടുത്തു. രാത്രി 12 മണിയോടെ ശ്വാസം എടുക്കാനാകാതെ ഞാൻ ഉറക്കമുണർന്നു.

ചരിഞ്ഞു കിടന്നും, ചാരി ഇരുന്നും, നിന്നും നടന്നും ഒക്കെ നോക്കിയെങ്കിലും, സംഗതി കുറച്ചു സീരിയസ് ആയിരുന്നു. “വയ്യെങ്കിൽ വേഗം ഹോസ്പിറ്റലിൽ പോകാം ” എന്ന നല്ലപാതിയുടെ സ്നേഹശാസനയെ: ”ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാ ഈ
കെ. കെ . ജോസഫ്.. “എന്ന ‘ഇന്നസെന്റ് ‘ഭാവത്തിൽ തള്ളിക്കളഞ്ഞു . “നേരം വെളുക്കട്ടെ, എന്നിട്ട് മതി “.

ഉറങ്ങാനുള്ള വിഫല ശ്രമങ്ങൾ! ഒടുവിൽ ഹാളിൽ വന്ന് ഡൈനിങ്ങ് ടേബിൾ ൽ രണ്ടു തലയിണയിൽ മുഖംഅമർത്തി വച്ചൊരു ശ്രമം. പ്രാണ വായു കിട്ടാത്ത അവസ്ഥ എത്ര ഭീകരമെന്ന് മനസ്സിലാക്കിയ കുറെ നിമിഷങ്ങൾ. ക്ഷീണാധിക്യത്താൽ ചെറുതായി മയങ്ങിപ്പോയി.

പാതിമയക്കത്തിൽ തൊട്ടടുത്ത് ഒരു മങ്ങിയ വെള്ളിവെളിച്ചം. അവ്യക്തമായ ഒരു രൂപവും.. ഒരു കയർ ശ്രദ്ധയിൽ പെട്ടതോടെ ആളെ പിടികിട്ടി. സാക്ഷാൽ യമധർമ്മൻ എന്ന കാലൻ!

“പോയാലോ?? “എന്നൊരു ചോദ്യം !
“”പോകാറായെങ്കിൽ പോകാം “”എന്ന് ഞാനും. !
പറഞ്ഞു നിർത്തി കണ്ണ് തുറന്നതും കണ്ടത്, പുഞ്ചിരിച്ചു നിൽക്കുന്ന ‘ഗുരുവായൂരപ്പന്റെ’ ഫോട്ടോ ആണ്..
“ന്നാലും.. എന്റെ കൃഷ്ണാ… രാവിലേം രാത്രിയും പതിവ് തെറ്റാതെ അവിടുത്തെ മുന്നിൽ ഹാജർ വയ്ക്കുന്ന എന്നോട് ഈ ചതി വേണ്ടായിരുന്നു.. ” !
ചുറ്റുമൊന്ന് കണ്ണോടിച്ചു. പുകയും വെളിച്ചവും ഒന്നുമില്ല. ഭാഗ്യം ! പിന്നീടെന്തോ സുഖമായുറങ്ങാൻ സാധിച്ചു.

പിറ്റേന്ന് രാത്രിയോടെ മരുന്നൊക്കെയായി അസുഖം കുറഞ്ഞെങ്കിലും പോയ ആൾ ഇനിം വരുമോ എന്നൊരു ശങ്കയുണ്ടായിരുന്നു. പുള്ളിക്കാരൻ ഈ ഭാഗത്തൊക്കെ തന്നെ ചുറ്റിനടക്കുന്നുണ്ട് എന്നൊരു തോന്നൽ. അതിന് ആക്കം കൂട്ടാനായി തെക്കുവശത്തെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് പതിവില്ലാതെ ഒരു പട്ടിയുടെ സംഗീതക്കച്ചേരിയും ! വരാമെന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി എന്നെയും കാത്തു നിക്കുകയാണോ ഈശ്വരാ.
ഒക്ടോബർ 23!
തിയതി ഒക്കെ ഓർത്തു വച്ചു.

പിറ്റേന്ന് ഞാൻ ഉഷാറായി. പതിവ് ജോലികളിലേക്ക്. തലേന്നത്തെ സംഭവം പതിയെ മറന്നു.

അന്ന്, അതായത്,
2017 ഒക്ടോബർ 24 ഉച്ചയോടെ ടീവി വച്ചപ്പോഴാണത് കണ്ടത് ”I.V.ശശി വിടവാങ്ങി”

ദൈവമേ.. അപ്പോ എന്റെ സ്വപ്നവും തോന്നലും സത്യമായിരുന്നോ?
ചുറ്റിക്കറങ്ങി അവിടേക്കാണോ പുള്ളിക്കാരൻ ചെന്നത്?? /എനിക്ക് പകരമായിരിക്കുമോ അദ്ദേഹത്തിന്റെ ജീവൻ എടുത്തത്?

കരഞ്ഞു തളർന്ന സീമചേച്ചിടെ മുഖം എന്റെ മനസ്സിൽ കുറ്റബോധത്തിന്റെ വിത്തുകൾ വാരിയിട്ടു എന്നു പറഞ്ഞാൽ മതീല്ലോ. ഇന്നും ആ മുഖം ടീവി യിൽ കണ്ടാൽ എനിക്കൊരു കുറ്റബോധം തോന്നും.

ദീപാവലിയെ കുറിച്ച് ഒരുപാട് മധുരതരമായ ഓർമകളുണ്ടെങ്കിലും,
ആദ്യം മനസ്സിൽ തെളിയുക
ഇതുതന്നെയാണ്. അവരെ എന്നെങ്കിലും കാണാൻ സാധിച്ചാൽ ഇതൊന്ന് പറയണം. എന്തായിരിക്കും പ്രതികരണം എന്നറിയില്ല..! എന്നാലും അതല്ലേ അതിന്റെ ഒരു ശരി??

മാലിനി അജയ്