റാഗിംഗിന് ഇരയായ വിദ്യാര്‍ത്ഥിയുടെ വൃക്കകള്‍ തകരാറിലായി; എട്ട് പേര്‍ക്കെതിരെ കേസ്

കോട്ടയം : നാട്ടകം പോളിടെക്‌നിക് കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിന് ഇരയായ ഇരിങ്ങാലക്കുട സ്വദേശി അവിനാശിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
റാഗിംഗില്‍ വൃക്ക തകരാറിലായ അവിനാശിന് ഡയാലിസിസ് അടക്കമുള്ള ചികിത്സ തുടരുകയാണ്. വിഷമദ്യം കുടിപ്പിച്ച് വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായ നിലയിലാണ് ഇരിങ്ങാലക്കുട പാര്‍ക്ക് അവന്യുവില്‍ ഓടന്‍ വീട്ടില്‍ ശിവദാസന്റെ മകന്‍ ഒ.എസ്. അവിനാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ രണ്ടാം തീയതിയാണ് ഹോസ്റ്റലിലുണ്ടായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ നഗ്നനാക്കി മര്‍ദ്ദിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തതെന്ന് അവിനാശ് പറയുന്നു. രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ മൂന്നു വരെയായിരുന്നു റാഗിംഗ്.
അവശനിലയിലായ അവിനാശ് അഞ്ചാം തീയതി വീട്ടില്‍ തിരിച്ചെത്തി. ഇരിങ്ങാലക്കുടയിലെ ഡോക്ടറെ കണ്ടപ്പോള്‍ നെഫ്രോളജിസ്റ്റിനെ കാണണമെന്നു നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒളരിക്കര മദര്‍ ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തിയ ശേഷം വീട്ടിലേക്കു തിരിച്ചു പോയി.
പരിശോധനാഫലം ഗുരുതരമെന്ന് കണ്ട ഡോ. പി.എന്‍. ജയരാജന്‍ അവിനാശിനോട് ഉടനെ ആശുപത്രിയിലെത്തി ചികിത്സ ആരംഭിക്കണമെന്നു നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഏഴാം തീയതി അവിനാശ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. തകരാറിലായ വൃക്കയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡയാലിസിസ് നടത്തി.
അവിനാശിന്റെ നില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എട്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു.