റാഗിംഗില്‍ കാമ്പസുകളില്‍ ചോര മണക്കുന്നു; ആന്റി റാഗിംഗ് സെല്ലുകള്‍ പേരിനു മാത്രം

സംസ്ഥാനത്തെ കലാലയങ്ങളില്‍ റാഗിംഗ് വര്‍ദ്ധിക്കുമ്പോഴും പലയിടത്തും ആന്റി റാഗിംഗ് സെല്‍ നിര്‍ജ്ജീവം. പരിചയപ്പെടലെന്ന വ്യാജേന പല കാമ്പസുകളിലും ക്രൂരമായ റാഗിംഗാണ് അരങ്ങേറുന്നത്. കഴിഞ്ഞ മാസം ആലുവ കുഞ്ഞാലി മരയ്ക്കാര്‍ മറൈന്‍ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷം വിദ്യാര്‍ത്ഥിയായ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി ആശിഷ് തമ്പാന്‍ റാഗിംഗിന് ഇരയായിരുന്നു.

സീനിയര്‍ വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ നിരന്തരമായി അപമാനിക്കുന്നതിലും ഉപദ്രവിക്കുന്നതിലും മനംനൊന്ത് ആശിഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞദിവസം കോട്ടയത്തെ നാട്ടകം പോളിടെക്‌നിക്കിലെ തൃശൂര്‍ സ്വദേശിയായ അവിനാശ് എന്ന വിദ്യാര്‍ത്ഥിയും റാഗിംഗിനിരയായി. ഒമ്പത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് അവിനാശിനെ ഉപദ്രവിച്ചത്. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ മൂന്നു മണി വരെ കഠിനമായ ജോലികള്‍ ചെയ്യിപ്പിച്ചതിനെ തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥിയുടെ വൃക്കകള്‍ തകരാറിലായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ ബംഗളുരു ഗുല്‍ബര്‍ഗ് അല്‍ഖമാര്‍ നഴ്‌സിംഗ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിംഗിന് ഇരയായ എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ അശ്വതിയെ മരണാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് ബാത്ത്‌റൂം വൃത്തിയാക്കാനുപയോഗിക്കുന്ന ഫിനോള്‍ കുടിപ്പിച്ചതാണ് അശ്വതിയെ അവശയാക്കിയത്. അന്നനാളത്തിന് പൊള്ളലേറ്റ അശ്വതി ഇപ്പോഴും ജീവിതം തിരികെപ്പിടിച്ചിട്ടില്ല.

കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ഹോസ്റ്റലില്‍ അന്യസംസ്ഥാന പട്ടികവിഭാഗ വിദ്യാര്‍ത്ഥി റാഗിംഗിനിരയായ സംഭവം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. 1998-ല്‍ കേരള നിയമസഭ പാസാക്കിയ റാഗിംഗ് പ്രിവന്‍ഷന്‍ ആക്ട് നിലവിലുണ്ടെങ്കിലും സംസ്ഥാനത്തെ പല കോളേജുകളിലും റാഗിംഗ് വിരുദ്ധ സെല്ലുകള്‍ നിര്‍ജീവമാണെന്നതാണ്് വാസ്തവം. നിയമപ്രകാരം മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ് റാഗിംഗ്. റാഗിംഗ് നടന്നാല്‍ പ്രിന്‍സിപ്പല്‍ ലോക്കല്‍ പോലീസില്‍ വിവരമറിയിക്കണമെന്നാണ് ചട്ടം. അയല്‍ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളെ ഉപരിപഠനത്തിന് ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളാണ് റാഗിംഗിന് ഇരയാകുന്നതിലേറെയും.

സംസ്ഥാനത്ത് ആഗ്രഹിക്കുന്ന കോളേജുകളില്‍ പ്രവേശനം ലഭിക്കാത്തതും മറുനാടുകളില്‍ പ്രവേശന പരീക്ഷഇല്ലാത്തതുമാണ് വിദ്യാര്‍ത്ഥികളെ ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ അവര്‍ക്കു ലഭിക്കുന്ന പഠനസൗകര്യങ്ങള്‍ പരിതാപകരമാണ്. ഇത്തരം സ്ഥാപനങ്ങളുടെ ആധികാരികതയൊന്നും രക്ഷിതാക്കള്‍ ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം.

അന്യസംസ്ഥാനങ്ങളില്‍ നടക്കുന്ന റാഗിംഗ് കേസുകളില്‍ പ്രതികളാകുന്നതിലേറെയും മലയാളി വിദ്യാര്‍ത്ഥികളാണെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

റാഗിംഗിന് ഇരയായ വിദ്യാര്‍ത്ഥിയുടെ വൃക്കകള്‍ തകരാറിലായി; എട്ട് പേര്‍ക്കെതിരെ കേസ്