അടിവസ്ത്ര വിപണി കീറിപ്പൊളിഞ്ഞു

വസ്ത്ര വിപണിക്ക് ഉന്മേഷത്തിന്റെ കാലമാണ് ഉത്സവ സീസണണുകള്‍. എന്നാൽ ദീപാവലി നാളുകളിലും രാജ്യത്തെ അടിവസ്ത്ര വ്യാപാരം ആശങ്കാ ജനകമായി താഴേക്ക് പതിക്കുകയാണെന്നാണ് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിങ്ങനെ വ്യത്യാസമില്ലാതെ അടിവസ്ത്രങ്ങളുടെ വിൽപ്പന മുൻ വർഷത്തേക്കൾ കുറവാണെന്നാണ് രാജ്യത്തെ പ്രമുഖ അടിവസ്ത്ര ബ്രാന്‍ഡുകളായ ലക്‌സ് കോസി, ഡോൾ, റൂപ എന്നിവർ പറയുന്നത്. ജനങ്ങളുടെ കുറഞ്ഞ സാമ്പത്തിക സ്ഥിതിയാണ് അടിവസ്ത്രവിപണി പൊളിച്ചതെന്ന് നിര്‍മ്മാതാക്കളും രംഗത്തെ വിദഗ്ദരും ദി പ്രിന്റിനോട് പറഞ്ഞു. ജി.എസ്.ടി നടപ്പിലാക്കിയതും നോട്ടുനിരോധനവും അടിവസ്ത്ര വിപണിയിലുള്ള ചെറുകിട കച്ചവടക്കാരുടെ സാമ്പത്തികത്തെ ഇല്ലാതാക്കി. ഇതോടെ ലോക്കല്‍ ഷോപ്പുകള്‍ അടിവസ്ത്രങ്ങള്‍ വ്യാപകമായി വാങ്ങി സൂക്ഷിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കുകയാണ്.

2014ലെ കണക്കനുസരിച്ച് അന്ന് ഇന്ത്യയിലെ അടിവസ്ത്ര വ്യാപാരം 19,950 കോടിയുടെ വളര്‍ച്ചയിലായിരുന്നു. ഇത് 2024 ആകുമ്പോഴേക്കും 13 ശതമാനം വര്‍ദ്ധിച്ച് 68,270 കോടിയാകുമെന്നായിരുന്നു അനുമാനം. വരുമാനത്തിലെ വര്‍ദ്ധന, ചെലവഴിക്കുന്നതിലെ വിവേചനാധികാരത്തിന്റെ ഉയര്‍ച്ച, സ്ത്രീ തൊഴിലാളികളുടെ വര്‍ദ്ധന, ഫാഷന്‍ ചിന്തകളിലെ വളര്‍ച്ച തുടങ്ങിയവ പരി​ഗണിച്ചായിരുന്നു ഈ ആനുമാനത്തിലെത്തിയത്. എന്നാല്‍ കഴിഞ്ഞ ആറുമാസത്തെ കണക്കുനോക്കിയാല്‍ അടിവസ്ത്ര വിപണി താഴോട്ടാണ് പോകുന്നത്. ഉത്സവ കാലം തുടങ്ങുന്നതിന് മുമ്പേ വിപണിയിൽ 40 ശതമാനം ഇടിവ് നേരിട്ടിരുന്നു. ഇപ്പോഴത് വീണ്ടും 25 ശതമാനം കൂടി ഇടിഞ്ഞുവെന്നാണ് ലക്‌സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ അശോക് കുമാര്‍ തോഡി പറയുന്നത്. വിപണിയെ തകർച്ചയിൽ നിന്നും കരകയറ്റാൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.