കരുതല്‍ സ്വര്‍ണം വില്‍ക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല: റിസര്‍വ് ബാങ്ക്

മുംബൈ: കരുതൽ സ്വർണം വിറ്റുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് റിസർവ് ബാങ്ക് രംഗത്ത്. ആർ.ബി.ഐ കരുതൽ സ്വർണ്ണം വിൽപ്പന നടത്തിയിട്ടില്ല. അന്താരാഷ്ട്രതലത്തിൽ സ്വർണ്ണത്തിലെ വിലയിലും വിനിമയ നിരക്കിലും ഏറ്റക്കുറച്ചിലുണ്ടായി. അതാണ് വീക്കിലി സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് ഡാറ്റയിൽ സ്വർണ്ണത്തിലെ മൂല്യത്തിൽ മാറ്റം വരാൻ കാരണമെന്ന് ആർ.ബി.ഐ ഔദ്യോഗിക ട്വിറ്റർ പേജിൽ അറിയിച്ചു.നടപ്പു സാമ്പത്തിക വർഷത്തിൽ 1.15 ബില്യൺ ഡോളറിന്റെ കരുതൽ സ്വർണം റിസർവ് ബാങ്ക് വിറ്റതായും 5.1 ബില്യൺ ഡോളറിന്റെ സ്വർണം വാങ്ങിയതായും കഴിഞ്ഞ ദിവസം പ്രമുഖ ധനകാര്യ മാദ്ധ്യമമായ എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ സ്വർണം വിൽക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് ആർ.ബി.ഐ നൽകുന്ന വിശദീകരണം. ബിമൽ ജലാൻ കമ്മറ്റി ശുപാർശ പ്രകാരം 1.76 ലക്ഷം കോടി രൂപ സർക്കാരിന് കൈമാറിയിരുന്നു.