യൂത്ത്കോണ്‍ഗ്രസ് പുനസംഘടിപ്പിക്കണം: മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിൽ പുനസംഘടന ആവശ്യപ്പെട്ട് നേതാക്കൾ തമ്മിൽ വാക്കു തർക്കം.യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ് ഡീൻ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആർ മഹേഷും രാജിവെച്ച് പുതുതലമുറയ്ക്ക് അവസരം നൽകണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു കുഴൽ നാടന്റെ പ്രതികരണം. ഡീനും മഹേഷും നയിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കാലാവധി പൂർത്തിയാക്കിയിട്ട് ഏഴു വർഷം പിന്നിട്ടെന്നും താഴെ ഉള്ള ഒരു തലമുറയോട് കാണിക്കുന്ന വലിയ അനീതിയാണെന്നും കുഴൽനാടൻ പറയുന്നു. ഞങ്ങൾ രാജിവയ്ക്കാൻ തയ്യാറാണ് എന്ന പതിവ് പ്രതികരണം വേണ്ട. കോൺഗ്രസ് നേതാക്കൾ ചെയ്യാത്തതു കൊണ്ടാണ് എന്ന ന്യായികരണവും സ്വീകാര്യമല്ല. കാരണം, അവർക്ക് ഈ കാര്യത്തോടുള്ള സമീപനം നമ്മുക്ക് തന്നെ നന്നായി അറിവുള്ളതാണല്ലോ എന്നും കുറിപ്പിൽ പറഞ്ഞു.

നിങ്ങൾ രണ്ട് പേരും രാജിവച്ച് യൂത്ത് കോൺഗ്രസ്സ് പുന:സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങണം. നിങ്ങൾ രാജിവച്ചാൽ സംഘടനയ്ക്കും പാർട്ടിക്കും വലിയ കുഴപ്പവും ക്ഷീണവും ഉണ്ടാകും എന്ന് പറയുന്നവരോട്, രാഹുൽ ഗാന്ധി രാജിവച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങൾ രാജി വച്ചാൽ ഉണ്ടാകില്ല എന്ന് പറയണമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.എന്നാൽ സ്ഥാനങ്ങളിൽ തുടരുന്നത് തങ്ങളുടെ ഇഷ്ടപ്രകാരമല്ലെന്നാണ് ഡീൻ കുര്യാകോസിന്റെ പ്രതികരണം. നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് പദവിയിൽ തുടരുന്നതെന്നും ഡീൻ പറഞ്ഞു.