ഒറ്റത്താരം(കവിത)

വിജി ശങ്കർ

താരനിബിഡമായ ആകാശം ഞാൻ വെറുക്കുന്നു…
ഒരൊറ്റത്താരം മാത്രമുള്ള നീലാംബരമാണ് എനിക്കിഷ്ടം.
ഇരുട്ടിന്‍റെ കായലിലൂടെ, ഒറ്റയ്ക്ക് തുഴഞ്ഞെത്തി,
അമ്പിളിത്തുണ്ടിന്‍റെ ചാരെ നിൽക്കുന്ന,
ആ ഒറ്റത്താരത്തെ ഞാൻ സ്നേഹിക്കുന്നു…

ആരും കൂട്ടിനില്ലെങ്കിലും അവൾ പ്രസന്നയാണ്.
നീലാകാശ വീഥിയിൽ, ആരെയോ കാത്തെന്ന പോലെ നിൽക്കുന്ന,
ആ ഒറ്റത്താരം എന്‍റെ സ്നേഹിതയാണ്…
കണ്ണുകൾ ചിമ്മിയും തുറന്നും മിന്നാമിന്നിയെപ്പോലെ,
അവൾ എന്നെ നോക്കി ചിരിക്കും.
അവളുടെ ചിരി ചിലപ്പോൾ അമ്പിളിയിലേക്കും പടരും,
അതപ്പോൾ നിലാവായി മാറും.
മേഘ പാളികൾക്കിടയിൽ മറഞ്ഞും തെളിഞ്ഞും
അവളെന്നോടുകൂടെ കളിക്കും…

ജീവിച്ചു കൊതി തീരാത്ത ഏതെങ്കിലും ഒരാത്മാവായിരിക്കുമോ അവൾ …?
ആരെ കാണാനാണവൾ, ഇത്രയും ഇരുൾ നിറഞ്ഞ
ആകാശക്കായലിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് …?
എന്തിനാണു ഭൂമിയിലേക്കു നോക്കി അവൾ നെടുവീർപ്പിടുന്നത് …?
താഴെ ഭൂമിയിലുള്ള ആരെങ്കിലും അവളെ ഓർക്കുന്നുണ്ടാവുമോ …?
ഒരു താരമായെങ്കിലും കാണാനെത്താമെന്ന
വാക്ക് പാലിക്കാനാണോ അവൾ ഇടക്കിടെയിങ്ങിനെ വരുന്നത് …?

ഒറ്റയ്ക്ക്, താഴേക്ക്‌ നോക്കി നിൽക്കുന്ന അവളെ നോക്കി ഞാനുമിരിക്കും,
എല്ലാമറിയുന്ന അമ്പിളി മാത്രം അവൾക്കു കൂട്ടിനുണ്ടാവും.
നിദ്ര വന്നെന്നെ വിളിക്കുന്നത്‌ വരെ,
ഞാനും അവൾക്കു കൂട്ടിരിക്കും.
വിളറി, വെളുത്ത്, നിലാവ് മാഞ്ഞ് രാത്രി
വെളിച്ചത്തിന് വഴിയോരുക്കുമ്പോൾ അവൾ മടങ്ങി പോവും…
പക്ഷേ, എനിക്കറിയാം, പിന്നെയും, രാവിന്‍റെ കായലിലൂടെ,
അമ്പിളിക്കൊപ്പം ആരും കൂട്ടിനില്ലെങ്കിലും,
നഷ്ട സ്മരണകളുമായി അവൾ വീണ്ടും വരും…