നിലപാട് കടുപ്പിച്ച് ശിവസേന-തലവേദന ഒഴിയാതെ ബി.ജെ.പി

മുംബൈ: അധികാരത്തില്‍ തുല്യപങ്കാളിത്തം ആവശ്യപ്പെട്ടുള്ള തങ്ങളുടെ നിലപാടില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് സൂചന നല്‍കിയ ശിവസേന. ഉപയോഗിച്ച് വലിച്ചെറിയാമെന്ന് ആരും കരുതേണ്ടെന്നും മുഖപത്രമായ സാംനയില്‍ എഴുതിയ എഡിറ്റോറിയലില്‍ സേന വ്യക്തമാക്കി. ഡെപ്യൂട്ടി മുഖ്യമന്ത്രി അടക്കം 15 മന്ത്രിപദങ്ങള്‍ നല്‍കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം സേന സ്വീകരിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വീണ്ടും കലഹമുണ്ടാകുന്നത്. ‘എല്ലാ സര്‍ക്കാര്‍ പദവികളും തുല്യമായി ഭാഗിക്കാമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി പറയന്നത്. മുഖ്യമന്ത്രി സ്ഥാനം അതിനു കീഴില്‍ വരില്ലെങ്കില്‍ നമ്മള്‍ രാഷ്ട്രീയ ശാസ്ത്ര സിലബസ് തിരുത്തിയെഴുതേണ്ടി വരും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയശേഷവും ബി.ജെ.പി സേനയുമായി വഴി പിരിഞ്ഞിരുന്നു. ഉപയോഗിച്ച് വലിച്ചെറിയുക എന്ന നയമാണ് അന്ന് സ്വീകരിച്ചത്. ഞങ്ങള്‍ അത്ര പെട്ടെന്ന് മരിക്കില്ല. കാരണം ഞങ്ങള്‍ക്ക് ജനപിന്തുണയുണ്ട്’ – മുഖപ്രസംഗത്തില്‍ സേന വ്യക്തമാക്കി.

രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം വേണമെന്നാണ് സേനയുടെ ആവശ്യം. മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് ഇക്കാര്യം അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ വേറെ വഴി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. 288 അംഗസഭയില്‍ ബി.ജെ.പിക്ക് 105 ഉം സേനയ്ക്ക് 56 ഉം സീറ്റാണ് ഉള്ളത്. അതിനിടെ, ഇന്ന് ചേര്‍ന്ന ശിവസേനാ ജനപ്രതിനിധികളുടെ യോഗം മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഗാഡ്‌സെയെ സഭാ നേതാവായി തെരഞ്ഞെടുത്തു. ആദിത്യ താക്കറെയുടെ പേരാണ് ആദ്യം പറഞ്ഞുകേട്ടിരുന്നത് എങ്കിലും പരിചയക്കുറവ് താക്കറെ കുടംബത്തിലെ ഇളമുറക്കാരന് വിനയായി.