എല്ലാം മഹത് വചനങ്ങളാണ് സായിപ്പേ

സംവിധായകനും നടനുമായ രമേഷ് പിഷാരടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. വിദേശികള്‍ക്ക് കേരളവും മലയാളികളും കാര്യമാണെങ്കിലും മലയാളം അത്ര വശമില്ല. അതും സിനിമാ ഡയലോഗുകളാണെങ്കില്‍ പിന്നെ പറയേണ്ട പന്തം കണ്ട പെരുച്ചാഴിയെ പോലെ അവര്‍ നോക്കി നില്‍ക്കുകയേ ഉള്ളൂ. ഇനി വിഷയം എന്താണെന്ന് പറയാം. ആണും പെണ്ണും അടക്കം ഒരു സംഘം മലയാളം സിനിമാ ഡയലോഗുകള്‍ അച്ചടിച്ച ടീഷര്‍ട്ടുമായി സായിപ്പിന്റെ മുന്നില്‍ നിന്നു. ഇതെന്താണെന്ന് പകച്ച് നിന്നു സായിപ്പ്.

വെള്ള കുപ്പായത്തില്‍ സിനിമാ ഡയലോഗ് എഴുതി സായിപ്പിനെ വെള്ളം കുടിപ്പിച്ചത് മറ്റാരുമല്ല. രമേഷ് പിഷാരടി, കുഞ്ചാക്കോ ബോബന്‍, പ്രിയ, ജോജു എന്നിവര്‍ അടങ്ങുന്ന അഞ്ചംഗ സംഘമാണ്. ഈ ചിത്രമാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്.

ജീന്‍സും വൈറ്റ് ടീഷര്‍ട്ടുമാണ് എല്ലാവരുടെയും വേഷം. ലേശം ഉളുപ്പ്, കേറിവാടാ മക്കളേ കേറിവാ, ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍ തുടങ്ങിയ രസികന്‍ സിനിമാ സംഭാഷണങ്ങള്‍ ടൈപ്പോഗ്രഫി ചെയ്ത ടീഷര്‍ട്ടുകളാണ് എല്ലാവരും അണിഞ്ഞിരിക്കുന്നത്.

”സായിപ്പിനോട് ഞാന്‍ പറഞ്ഞു എല്ലാം മഹത് വചനങ്ങള്‍ ആണെന്ന്,” എന്ന ക്യാപ്ഷനോടെയാണ് രമേഷ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്.

വെക്കേഷന്‍ ആസ്വദിക്കാന്‍ ആംസ്റ്റര്‍ഡാമില്‍ എത്തിയതാണ് ഈ താര നിര. അതിനിടയിലാണ് ഈ സംഘം സായിപ്പിനിട്ട് ഒരു താങ്ങ് താങ്ങിയത്. അഭിനയത്തിന് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും ജോജുവും. സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും ഇടയ്ക്ക് മൂവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ