കേരളത്തിന് ഇന്ന് 63ാം പിറന്നാള്‍

കേരളത്തിന് ഇന്ന് 63 ാം പിറന്നാൾ. 1956 നവംബർ ഒന്നിനാണ് കേരളം രൂപീകൃതമായത്. മലയാളികളുടെ സുദീർഘമായ പോരാട്ടത്തിനൊടുവിലാണ് സ്വന്തം ഭാഷയെയും സംസ്ക്കാരത്തെയും അടിസ്ഥാനമാക്കിയുള്ള ഐക്യകേരളമെന്ന സ്വപ്നം യാഥാത്ഥ്യമായത്. തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളും ബ്രിട്ടന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന മലബാറും ചേർത്താണ് ആ നവംബർ ഒന്നിന് മലയാളി അതിന്റെ ഭൂപടം വരച്ചു. കേരളത്തിൽനിന്ന് അടർത്തിമാറ്റിയിട്ടും തിരുവിതാംകൂറിന്റെ ശംഖുമുദ്ര കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുന്ന ഒരു നാടുണ്ട് തമിഴ്‌നാട്ടിൽ.

കൊല്ലത്തിനോട് ചേർന്ന് കിടക്കുന്ന കേരള അതിർത്തിയിലെ ചെങ്കോട്ട നഗരസഭ. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ യൂനിയനിൽ സംസ്ഥാനം രൂപീകരിച്ച് 63 വർഷം പിന്നിട്ടിട്ടും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ മുദ്രയും കോട്ടയും ഇന്നും ചെങ്കോട്ടയിൽ തലയെടുപ്പോടെ നിൽക്കുന്നു. കേരളപ്പിറവി മലയാളികളോടൊപ്പം ആഘോഷിക്കാൻ ചെങ്കോട്ട താലൂക്കിലെ മൂന്നു ലക്ഷം പേർ ഇന്നു നമുക്കൊപ്പം ഇല്ല. കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ ഏറ്റവും കൂടുതൽ നെല്ലറ നഷ്ടമായതും ചെങ്കോട്ട ഭാഗത്താണ്. കുറ്റാലം കൊട്ടാരവും 152 ഏക്കർ ഭൂമിയും അതിന്റെ അവകാശവാദങ്ങളുമൊക്കെ സങ്കീർണമാക്കിയതു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വിഭജനമായിരുന്നു. ചെങ്കോട്ടയും പരിസരങ്ങളും ഇന്നും മലയാളികൾക്ക് അന്യമല്ല, വൈകാരികമായ അടുപ്പം ഇപ്പോഴുമുണ്ട്. ചെങ്കോട്ടയിലും തെങ്കാശിയിലുമുള്ള 70 ഉം 80 ഉം പിന്നിട്ട പഴമക്കാർക്ക് ആ നാട് തിരുവിതാംകൂർ ദേശത്തിന്റെ ഭാഗമായിരുന്നപ്പോഴുള്ള കഥകൾ പറയാനുണ്ട്. പുനലൂരിൽ നിന്നു രാജപാതയിലൂടെ ആര്യങ്കാവ് വഴി അശ്വാരൂഢ സേനയുടെ അകമ്പടിയോടെ തിരുവിതാംകൂർ രാജാക്കന്മാരും ഉദ്യോഗസ്ഥരും ചെങ്കോട്ട സന്ദർശിച്ചിട്ടുള്ള സന്ദർഭങ്ങൾ ഇന്നും പലരും ഓർത്തെടുക്കുന്നു. തെങ്കാശി ജില്ലയിലെ ചെങ്കോട്ട തമിഴ്‌നാടിന്റെ ഭാഗമായതോടെ 15000 ഹെക്ടറിലധികം നെൽപ്പാടമാണു കേരളത്തിനു നഷ്ടമായത്. 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ