എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന്

തിരുവനനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം.സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. ആൾക്കൂട്ടം, ഗോവർധന്റെ യാത്രകൾ, മരണസർട്ടിഫിക്കിക്കറ്റ് എന്നിവയാണ് ആനന്ദിന്റെ പ്രധാന കൃതികൾ.നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1936ല്‍ ഇരിങ്ങാലക്കുടയില്‍ ജനിച്ച അദ്ദേഹത്തിന്‍റെ ശരിയായ പേര് പി. സച്ചിദാനന്ദന്‍ എന്നാണ്. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ആനന്ദ് പട്ടാളത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ പ്ലാനിങ് ഡയറക്ടറായി ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചു. ഗോവര്‍ധന്റെ യാത്രകള്‍ക്ക് 1997ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും മരുഭൂമികള്‍ ഉണ്ടാവുന്നത് എന്ന നോവലിന് വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന് ലഭിച്ച യശ്പാല്‍ അവാര്‍ഡും അഭയാര്‍ഥികള്‍ക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡും നിരസിച്ചു. വിവര്‍ത്തനത്തിനുള്ള 2012ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ആനന്ദിന് ലഭിച്ചിട്ടുണ്ട്.