സര്‍ക്കാര്‍ ഓഫീസില്‍ നിര്‍ബന്ധിത പിരിവ്

പിരിവു തന്നില്ലെങ്കില്‍ സ്ഥലം മാറ്റുമെന്ന് സി.പി.ഐ ഭീഷണി

മാസച്ചെലവുകള്‍ക്കു പോലും ബുദ്ധിമുട്ടുന്ന ജീവനക്കാരില്‍ നിന്നും ഭരണപക്ഷത്തെ രണ്ടാമത്തെ വലിയകക്ഷിയായ സി.പി.ഐയുടെ വക ഭീഷണിപ്പിരിവ്. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് പിരിച്ചു നല്‍കാത്തവരെ സ്ഥലം മാറ്റുമെന്നാണ് ഭീഷണി. തലസ്ഥാന ജില്ലയിലെ ആര്യനാട് മണ്ണ് സംരക്ഷണകേന്ദ്രത്തിലെ ജീവനകാര്‍ക്കാണ് താങ്ങാവുന്നതിലധികം തുകയുടെ രസീത് എഴുതിക്കൊടുത്തത്. പത്തില്‍ താഴെ ജീവനക്കാരുള്ള ഓഫീസില്‍ നിന്ന് സി.പി.ഐ പ്രവര്‍ത്തന ഫണ്ടിലേക്ക് 15,000 രൂപ നല്‍കണമെന്നാണ് ഇണ്ടാസ്. സി.പി.ഐ സര്‍വീസ് സംഘടനയായ ജോയിന്‍റ് കൗണ്‍സിലിനു വേണ്ടിയല്ല, പാര്‍ട്ടിക്കു വേണ്ടിത്തന്നെയാണ് ഈ പിരിവ് എന്നതാണ് വിരോധാഭാസം. സി.പി.ഐ മന്ത്രി വി.എസ്. സുനില്‍കുമാറിന്‍റെ വകുപ്പുകളില്‍പ്പെട്ടതാണ് മണ്ണുസംരക്ഷണം. മന്ത്രിയുടെ അറിവോടെയാണ് പിരിവെന്ന പറഞ്ഞാണ് ശമ്പള ദിവസത്തിനു തൊട്ടു മുന്പ്, കഴിഞ്ഞ 29-ന് നേതാക്കള്‍ രസീത് എഴുതിക്കൊടുത്തത്. പിരിവു നല്‍കാന്‍ മടിക്കുന്നവര്‍ തെക്കന്‍ ജില്ലകളില്‍ പണിയെടുക്കില്ലെന്നും തങ്ങളാണ് വകുപ്പ് ഭരിക്കുന്നതെന്നും പിരിവുകാര്‍ ഭീഷണി മുഴക്കിയത്രേ.

രസീതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം വിശദീകരിക്കുകയും കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന നോട്ടീസുമുണ്ട്. ശമ്പളം അക്കൗണ്ടിലെത്തിയിട്ടുണ്ടെങ്കിലും കറന്‍സി ക്ഷാമം മൂലം ആവശ്യത്തിനുള്ള തുക പിന്‍വലിക്കാനാവാത്ത അവസ്ഥയിലാണ് ജീവനക്കാര്‍. ആഴ്ചയില്‍ 24,000 രൂപയേ ഒരാള്‍ക്ക് പിന്‍വലിക്കാനാകൂ.

പല ബാങ്കുകളില്‍ നിന്നും അത്ര പോലും പണം ലഭിക്കുന്നില്ല.

എ.ടി.എമ്മുകളില്‍ നിന്നു പ്രതിദിനം 2500 രൂപ പിന്‍വലിക്കാമെന്നു പറയുന്നുണ്ടെങ്കിലും നോട്ട് ക്ഷാമം അതിനും തടസ്സമാണ്. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് ബരണകക്ഷിയുടെ ഭീഷണിപ്പിരിവ്.