തമ്പി ആന്റണിയുടെ പ്രവാസ ജീവിതവും എഴുത്തും…

സി.ടി.തങ്കച്ചന്‍

തന്റെ പ്രഥമ ചെറുകഥാ സമാഹാരമായ ‘വാസ്‌കോഡി ഗാമ’യുടെ പ്രകാശന ചടങ്ങില്‍ വെച്ചാണ് കഥാകൃത്തും നടനും ചലച്ചിത്രനിര്‍മ്മാതാവുമായ തമ്പി ആന്റണിയെ പരിചയപ്പെടുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡു വരെയുള്ള സഹപാഠികളും അവരുടെ കുടുംബവും അമേരിക്കയില്‍ നിന്നുമെത്തിയ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും അടങ്ങിയ പ്രൗഢഗംഭീരമായ സദസ്സില്‍ വെച്ച് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസനാണ് പുസ്തകം പ്രകാശനം ചെയ്തത്.

തമ്പി ആന്‍ണിയെ ഒരു പാവം കോടീശ്വരന്‍ എന്നു വിശേഷിപ്പിച്ച നോവലിസ്റ്റ് സേതുവായിരുന്നു ചടങ്ങില്‍ അദ്ധ്യക്ഷനായത്. വിശിഷ്ടാതിഥികള്‍ ഒന്നൊന്നായി ആശംസ പ്രസംഗം നടത്തി. ചടങ്ങ് അവസാനിപ്പിക്കുവാനും നന്ദി പറയുവാനും തമ്പി ആന്റണി പ്രസംഗപീഠത്തിലെത്തിയപ്പോഴാണ് യഥാര്‍ത്ഥത്തില്‍ പ്രകാശന കര്‍മ്മം ആരംഭിച്ചതെന്ന് എനിക്കു തോന്നി. തമ്പിയുടെ നന്ദി പ്രകടനത്തിനിടയിലാണ് ഓരോരുത്തരെ സംസാരിക്കുവാന്‍ ക്ഷണിച്ചത്. ഫേസ്ബുക്കിലൂടെ മാത്രം പരിചയപ്പെട്ട സുഹൃത്തുക്കള്‍, സഹപാഠികള്‍, ബന്ധുക്കള്‍ എല്ലാവരും തമ്പിയുടെ കലവറയില്ലാത്ത സ്‌നേഹത്തെക്കുറിച്ചും ആ ബന്ധത്തിന്റെ ഊഷ്മളതയെക്കുറിച്ചുമാണ് സംസാരിച്ചത്…

ഈ സമയമത്രയും ഒരവതാരകന്റെ റോളിലായിരുന്നു തമ്പി ആന്റണി എന്ന കഥാകാരന്‍ അമേരിക്കയിലെ എഞ്ചിനീയറാണെന്നോ, ചലച്ചിത്രനിര്‍മ്മാതാവാണെന്നോ ചലച്ചിത്ര നടനാണെന്നോ ആര്‍ക്കും തോന്നാത്ത വിധം ഒരു തനി നാട്ടിന്‍പുറത്തുകാരനായി മാറുകയായിരുന്നു തമ്പി. അതായിരുന്നു പൊന്‍കുന്നം തെക്കേ കുറ്റ് വീട്ടില്‍ ആന്റണിയുടേയും മറിയാമ്മയുടേയും മൂന്നാമത്തെ മകന്‍ തമ്പി.

പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും ആശംസ പ്രാസംഗീകരായി മാറുന്ന കാഴ്ച്ചയ്ക്കാണ് പ്രകാശന സദസ്സ് സാക്ഷ്യം വഹിച്ചത്. പ്രത്യേകം ക്ഷണിച്ച വിശിഷ്ടാതിഥികള്‍ തങ്ങളുടെ റോളുകള്‍ പൂര്‍ത്തിയാക്കിപ്പിരിഞ്ഞുപോയിട്ടും ആശംസകള്‍ അന്തമില്ലാതെ നീണ്ടു പോയി. അതായിരുന്നു തമ്പിയുടെ സ്‌നേഹ സാന്നിദ്ധ്യത്തിന്റെ ചൂരും ചൂടും….

പൊന്‍കുന്നത്തുകാരന്‍ കലാലോകത്തേക്ക്

thambi-antony-01ഒരു സാധാരണ പൊന്‍കുന്നത്തുകാരന്‍ എഞ്ചിനീയറിങ്ങ് പഠിക്കാന്‍ കോതമംഗലത്ത് എത്തുന്നു. പിന്നെ എഞ്ചിനീയറായി ജോലി തേടി അമേരിക്കയിലേക്ക് പോകുന്നു. അവിടെ ഔദ്യോഗീക ജീവിതം, പിന്നെ വിവാഹം, കുട്ടികള്‍… ഇതിനിടയില്‍ മലയാളി അസോസിയേഷനിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍… ഒരിക്കലും ഒരെഴുത്തുകാരനോ സിനിമാ നടനോ ചലച്ചിത്രനിര്‍മ്മാതാവോ ആകുമെന്നു കരുതിയതല്ല.. എല്ലാം ആകസ്മികമായി വന്നു ചേര്‍ന്നതായിരുന്നുവെന്ന് പിറ്റേന്ന് എറണാകുളത്തെ കൊച്ചിന്‍ പാലസ് ഹോട്ടലില്‍ വെച്ച് തമ്പി ആന്റണി പറഞ്ഞു.

ബഷീറിലൂടെയും വി.കെ.എന്നിലൂടെയും പുസ്തകലോകത്തേക്ക്

വീട്ടിലെ ഏറ്റവും മൂത്ത ചേച്ചിയായ ലീലയാണ് വായനയിലെ വഴികാട്ടി. ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞ് ബോംബെയിലെ താനയില്‍ താമസമാക്കിയ ലീലയോടൊപ്പമാണ് തമ്പി തന്റെ സ്‌കൂള്‍ അവധിക്കാലങ്ങള്‍ കഴിച്ചുകൂട്ടിയത്. ലീലയുടെ പ്രേരണയിലാണ് കഥകള്‍ വായിച്ചു തുടങ്ങുന്നത്. ബഷീറും വി.കെ എന്നുമായിരുന്നു ഇഷപ്പെട്ട എഴുത്തുകാര്‍. ബഷീറിന്റെ എഴുത്തിലെ ലാളിത്യവും വി.കെ.എന്നിന്റെ കുറിക്കു കൊള്ളുന്ന ആക്ഷേപഹാസ്യവുമാണ് ഏറെ ആകര്‍ഷിച്ചത്. കോതമംഗലം എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കുമ്പോള്‍ മാഗസിന്‍ എഡിറ്ററായി. മാഗസിനില്‍, എസിറ്റര്‍ എന്തെങ്കിലും എഴുതണ്ടേ എന്ന ചിന്തയാണ് കവിതാ രചനയിലേക്ക് തമ്പിയെ നയിച്ചത്. സ്വപ്നങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ ആദ്യ കവിതയെഴുതി കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു.

കവിത കൊള്ളാമെന്ന് വായിച്ചവര്‍ അഭിപ്രായം പറഞ്ഞതോടെ ഒരാത്മവിശ്വാസം കൈവന്ന പോലെ.. അതു കഴിഞ്ഞാണ് സ്വര്‍ണ്ണച്ചിറകുള്ള പക്ഷി എന്ന കവിത എഴുതുന്നത് ഇത് മലയാള മനോരമ ആഴ്ച്ചപ്പതിപ്പിലേക്ക് അയച്ചുകൊടുത്തു. വന്‍പ്രാധാന്യത്തോടെ കവിയുടെ ഫോട്ടോ സഹിതം കവിത അച്ചടിച്ചുവന്നു. ഈ കവിതയ്ക്കു ശേഷം നിരവധി ആരാധികമാരുടെ കത്തുകളും കിട്ടി. ഇതോടെ നിരവധി കവിതകളെഴുതി… കോളേജ് ജീവിതം അവസാനിച്ചതോടെ കവിതയുടെ കൂമ്പടഞ്ഞു.

വഴിത്തിരിവായി പ്രവാസം

‘വര്‍ഷങ്ങള്‍ കഴിഞ്ഞ് അമേരിക്കയില്‍ എത്തിയതിനു ശേഷമാണ് സാഹിത്യകലാ പ്രവര്‍ത്തനങ്ങള്‍ പുനരാംരംഭിക്കുന്നത്. അമേരിക്കയിലെ മങ്ക എന്ന മലയാളി അസോസിയേഷനില്‍ സജീവമായി. നാടകാവതരണമായിരുന്നു പ്രധാന സാംസ്‌കാരിക പ്രവര്‍ത്തനം. ആദ്യകാലങ്ങളില്‍ ടിപ്പ് ടോപ്പ് അസീസിന്റെ നിങ്ങള്‍ക്കൊക്കെ ശാകുന്തളം മതി, രമണന്റെ മരണം എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചു.

ഓരോ വര്‍ഷവും പുതിയ നാടകങ്ങള്‍ തേടുന്നതിനിടയിലാണ് തമ്പി നാടകമെഴുതിയാല്‍ മതി എന്ന അഭിപ്രായം ഉയര്‍ന്നു വന്നത്. അങ്ങനെയാണ് നാടകരചനയില്‍ ഒന്നു പയറ്റി നോക്കാമെന്ന് തമ്പി കരുതുന്നത്. കുറ്റവാളികളും കുറ്റകൃത്യങ്ങളും ഇല്ലാത്തതു കൊണ്ട് ഒരു പോലീസ് സ്റ്റേഷന്‍ അടച്ചു പൂട്ടുന്നു എന്ന വാര്‍ത്ത പത്രത്തില്‍ അടിച്ചു വന്നു. ഈ വാര്‍ത്തയുടെ പ്രേരണയിലാണ് തമ്പി നാടകമെഴുതുന്നത് ‘ഇടിച്ചക്ക പ്ലാമൂട് പോലീസ് സ്റ്റേഷന്‍’ എന്ന പേരാണ് ആദ്യം മനസ്സിലെത്തിയത്. ഈ പോലീസ് സ്റ്റേഷന്‍ പശ്ചാത്തലമാക്കി ഒരു ഹാസ്യ നാടകമെഴുതി..

സംഗതി ക്ലിക്കായി. അമേരിക്കന്‍ മലയാളികളെ കുടുകൂടാ ചിരിപ്പിച്ച നാടകം.. പിന്നീട് ഒലീവ് പബ്ലിക്കേഷന്‍ ഈ നാടകം പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ഇതായിരുന്നു.തമ്പിയുടെ ആദ്യ പുസ്തകം. തമ്പി പിന്നേയും നാടകമെഴുതി .. അടുത്തനാടകമായിരുന്നു. ഡോക്ടര്‍ ദൈവസഹായം.. ഇതും ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റി. ഇതിനിടയില്‍ ഒരു കാവ്യസമാഹാരവും പുറത്തു വന്നു. ഡി.സി ബുക്‌സ്പ്രസിദ്ധീകരിച്ച ‘മല ചവിട്ടുന്ന ദൈവങ്ങള്‍”.. ഇക്കാലത്ത് ആരോഗ്യ മേഖലയില്‍ ചില ബിസിനസ്സുകള്‍ ആരംഭിച്ചു.

അറേബ്യയിലൂടെ സിനിമയിലേക്ക്

തികച്ചും അവിചാരിതമായാണ് സിനിമയിലേക്ക് വരുന്നത്. സഹോദരന്‍ ബാബു ആന്റണി അഭിനയിക്കുന്ന അറേബ്യാ എന്ന സിനിമയുടെ ഷൂട്ടിങ്ങ് കാണാനാണ് ആദ്യമായി ഒരു സിനിമയുടെ ലൊക്കേഷനില്‍ എത്തുന്നത്. അവിടെ വെച്ച് സംവിധായകന്‍ ജയരാജാണ് അഭിനയിക്കുവാന്‍ ആദ്യ വേഷം നല്‍കുന്നത്…
വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയില്‍ വന്ന സംവിധായകന്‍ രാജീവ് അഞ്ചലാണ് തമ്പി ആന്റണിയിലെ നടനെ കണ്ടെത്തുന്നത്.

രാജീവ് സംവിധാനം ചെയ്ത ഒരു ടെലിഫിലിമില്‍ പ്രധാന വേഷത്തില്‍ തമ്പി അഭിനയിച്ചു.. പിന്നീട് രാജീവ് അഞ്ചലിന്റെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തില്‍ ബിയോണ്ട് ദി സോള്‍ എന്ന ഹോളിവുഡ് ചിത്രത്തില്‍ പ്രൊഫസര്‍ ആചാര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ഹോണാ ലൂലു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം തമ്പിയെ തേടിയെത്തി.

thambi-antony-02ആദ്യമായാണ് ഒരിന്ത്യന്‍ നടന് ഈ മേളയില്‍ ഒരു ബഹുമതി ലഭിക്കുന്നത്. ഇതോടെയാണ് സിനിമയും തന്റെ തട്ടകമാണെന്ന് തമ്പി തിരിച്ചറിയുന്നത്. ബിയോണ്‍ ദി സോള്‍ എന്ന സിനിമയുടെ നിര്‍മ്മാണത്തിലും പങ്കാളിയായതോടെ നല്ല സിനിമകള്‍ നിര്‍മ്മിക്കാനുള്ള ഒരു മോഹവും ഉള്ളില്‍ രൂഢമൂലമായി. അങ്ങനെയാണ് തമ്പി ആന്റണി എന്ന പ്രവാസി, സിനിമാ നിര്‍മ്മാതാവാകുന്നത്. ബ്ലസ്സിയുടെ പളുങ്കിലെ കവി സുകുമാരന്‍ നായര്‍, സൂഫി പറഞ്ഞ കഥയിലെ ശങ്കര്‍ മേനോന്‍, ജാനകി എന്ന ചിത്രത്തിലെ ശേഖരന്‍ മാഷ്, ഗോസ്റ്റ് ഹൗസ് ഇന്നിലെ ഡോക്ടര്‍ ക്രിസ്റ്റഫര്‍ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ തമ്പിയെത്തേടിയെത്തി. ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന പത്തു കല്‍പ്പനകള്‍, ജോഷി.ടി.പള്ളിക്കലിന്റെ ബെത്‌ലഹേം ബോയ്‌സ് ഹോസ്റ്റല്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് തമ്പി ആന്റണി.

ഹൃദയം പൊള്ളിച്ച സിനിമ അനുഭവങ്ങള്‍

നിര്‍മ്മാതാവ് എന്ന നിലയില്‍ കൈയ്യും മനസ്സും പൊള്ളിയ ഒരനുഭവം അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്. ബ്ലെസ്സി സംവിധാനം ചെയ്ത കല്‍ക്കത്ത ന്യൂസാണ് ആ ചിത്രം. ദിലീപും മീരാ ജാസ്മിനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രം 70 ദിവസമാണ് കൊല്‍ക്കത്തയില്‍ ഷൂട്ട് ചെയ്തത്. പിന്നീട് ഹൈദ്രാബാദിലും മറ്റുമായി മറ്റൊരു മുപ്പതു ദിവസം. സാധാരണ നിര്‍മ്മാതാവ് കുത്തുപാള എടുത്തു പോകുന്ന സന്ദര്‍ഭം തമ്പി ആന്റണി എന്ന നിര്‍മ്മാതാവ് ആ പ്രതിസന്ധിയേയും അതിജീവിച്ചു. ഹൈദ്രാബാദില്‍ ഷൂട്ടു ചെയ്ത സീനുകളൊന്നും സിനിമയില്‍ ഉള്‍പ്പെടുത്തിയതുമില്ല. സംവിധായകന്റെ പ്ലാനിങ്ങിന്റെ അഭാവമാണ് അന്ന് ആറരക്കോടി ചെലവാക്കാന്‍ ഇടയായതെങ്കിലും അതൊന്നും ഓര്‍മ്മിക്കാന്‍ തമ്പി ആന്റണി നന്മ നിറഞ്ഞ മനുഷ്യന്‍ ഇഷ്ടപ്പെടുന്നില്ല. സിനിമ പ്രദര്‍ശനവിജയം നേടിയെങ്കിലും സംവിധായകന്റെ കെടുകാര്യസ്ഥത ആ സിനിമയേയും നഷ്ടത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

ഇടയ്ക്ക് സിനിമാഭിനയത്തിലും പിന്നെ പൂര്‍ണ്ണമായി എഴുത്തിലും മുഴുകി ശിഷ്ടകാലം ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഈ നാട്ടിന്‍ പുറത്തുകാരന്‍ ഭാവിയല്‍ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ചരിത്രത്തില്‍ അടയാളപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്.

തമ്പി ആന്റണിയും ലേഖകന്‍ സി.ടി.തങ്കച്ചനും

സ്വന്തം ജീവിത പരിസരത്തു നിന്നും അനുഭവങ്ങളില്‍ സ്വാംശീകരിച്ച യാഥാര്‍ത്ഥ്യങ്ങളാണ് തമ്പി തന്റെ കഥകള്‍ക്ക് ആധാരമാക്കുന്നത് എല്ലാക്കഥകളിലും ആക്ഷേപഹാസ്യത്തിന്റെ ഒരന്തര്‍ധാരയുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച വാസ്‌ക്കോ ഡി ഗാമ, ഇനാശുവിന്റെ മനശാസ്ത്രം എന്നീ കഥകള്‍ ഏറെ ശ്രദ്ധേയമാണ്. ഭൂതത്താന്‍കുന്ന് എന്ന തന്റെ ആദ്യ നോവല്‍ തമ്പി ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മറ്റൊരു നോവലിന്റെ പണിപ്പുരയിലുമാണ് ഈ പൊന്‍കുന്നത്തുകാരന്‍…..