ജെയ് ഷായുടെ വരുമാനം വര്‍ദ്ധിച്ചത് 15,000 ശതമാനം, എന്താണ് ജോലി?

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ്ഷാക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. ജെയ് ഷായുടെ ആസ്തിയില്‍ 15000 ശതമാനത്തിന്റെ വര്‍ദ്ധനവാണ് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഉണ്ടായിട്ടുള്ളതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളത്തില്‍ പാര്‍ട്ടി വക്താവ് പവന്‍ ഖേരയാണ് ആരോപണം ഉന്നയിച്ചത്.ജെയ്ഷാ നിര്‍ദ്ദിഷ്ട പങ്കാളിയായ -ഡയറക്ടര്‍ സ്ഥാനത്തിന് സമാനമായ പദവി- കുസുംഫിന്‍സര്‍വ് ലിമിറ്റഡ് എന്ന കമ്പനി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അവിശ്വസനീയമായ വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. 2014ല്‍ 80 ലക്ഷം വരുമാനമുണ്ടായിരുന്ന കമ്പനി 2019ല്‍ കൈവരിച്ചത് 119.62 കോടി രൂപയുടെ വരുമാനമാണ്.കമ്പനിയുടെ മൊത്തം ആസ്തി 2015ലെ 1.21 കോടിയില്‍ നിന്ന് 25.83 കോടിയായി വര്‍ദ്ധിക്കുകയും ചെയ്തു. നിശ്ചിത ആസ്തിയിലും വര്‍ദ്ധനവുണ്ടായി. 2015ലെ 51.74 ലക്ഷത്തില്‍ നിന്ന് ഇത് 23.25 കോടി ആയാണ് വര്‍ദ്ധിച്ചത്. കമ്പനി ഏതു തരത്തിലുള്ള ബിസിനസാണ് ചെയ്യുന്നത് എന്ന് ആര്‍ക്കുമറിയില്ല. പതിനയ്യായിരം കോടിയുടെ വരുമാന വര്‍ദ്ധനയാണ് ഇക്കാലയളവില്‍ ഉണ്ടായിട്ടുള്ളത്.

2017-18 വര്‍ഷത്തില്‍ കമ്പനി വരുമാന വിവരങ്ങള്‍ വ്യാപാര മന്ത്രാലയത്തിന് മുമ്പാകെ സമര്‍പ്പിച്ചിട്ടില്ല. അഞ്ചു ലക്ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ ‘ഷാ ഭരണകൂടത്തിലെ രാജകുമാരന്’ നേരെ ഇതൊന്നും ഉണ്ടായിട്ടില്ല. നവംബര്‍ ഒന്നിന് ജെയ്ഷായുടെ ബിസിനസ് വളര്‍ച്ചയെ കുറിച്ച് കാരവന്‍ മാഗസിന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്ത ഇപ്പോള്‍ കൊല ചെയ്യപ്പെടും എന്ന് പറഞ്ഞ് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാര്‍ത്തയുടെ ലിങ്ക് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.നേരത്തെ, ജെയ്ഷാക്ക് പങ്കാളിത്തമുള്ള ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിക്ക് വിറ്റുവരില്‍ വന്‍ വര്‍ദ്ധനയുണ്ടായി എന്ന വാര്‍ത്ത പുറത്തുവിട്ടതിന് ഓണ്‍ലൈന്‍ മാദ്ധ്യമമായ ദ വയറിനെതിരെ ജെയ് ഷാ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വയര്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നത്. റിപ്പോര്‍ട്ട പ്രകാരം കമ്പനിയുടെ വിറ്റുവരവ് ഒരു വര്‍ഷം കൊണ്ട് 16000 മടങ്ങാണ് വര്‍ദ്ധിച്ചിരുന്നത്. 2013ല്‍ 6230 രൂപയും 2014ല്‍ 1724 രൂപയും നഷ്ടമുണ്ടായിരുന്ന കമ്പനി 2015-16ല്‍ 80.5 കോടിയുടെ ലാഭമാണ് ഉണ്ടാക്കിയത്; 16 ലക്ഷം ശതമാനം വര്‍ദ്ധനവ്.