‘മഹ’യ്ക്ക് പിന്നാലെ ബുള്‍ബുള്‍ ചുഴലിക്കാറ്റ് ; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : അറബിക്കടലിലെ ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു. ബുള്‍ബുള്‍ എന്നാണ് ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത്. ഇതും മഹയെപ്പോലെ അതിതീവ്ര ചുഴലിയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. വെള്ളിയാഴ്ചയോടെ കാറ്റ് അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല.

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മഹ ചുഴലിക്കാറ്റ് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ഗുജറാത്ത് തീരത്ത് ദിയുവിനു സമീപത്തായി വീശും. അതിതീവ്ര ചുഴലിക്കാറ്റായിരുന്ന മഹയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

ഈവര്‍ഷം ഇതുവരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഉണ്ടായത് ആറ് ചുഴലിക്കാറ്റുകളാണ്. ബുള്‍ബുള്‍കൂടി വരുന്നതോടെ ഇത് ഏഴാവും. 2018-ല്‍ ഉണ്ടായത് ഏഴു ചുഴലിക്കാറ്റുകള്‍. കാറ്റിന്റെ എണ്ണത്തില്‍ 33 വര്‍ഷത്തെ റെക്കോഡാണ് കഴിഞ്ഞവര്‍ഷം തകര്‍ന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ