തൃശൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി; 5പേര്‍ പോയത് കമിതാക്കള്‍ക്കൊപ്പം

തൃശ്ശൂര്‍: തൃശൂരില്‍ നിന്ന് ഇന്നലെ കാണാതായ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തി. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് നാല് പെണ്‍കുട്ടികളും പോയതെന്ന് പൊലീസ് പറയുന്നു.

മാള, പുതുക്കാട്,പാവറട്ടി,ചാലക്കുടി,വടക്കാഞ്ചേരി,വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് 6 പെണ്‍കുട്ടികളെ ഇന്നലെ കാണാതായത്. 24 മണിക്കൂറിനുള്ളിലാണ് 6 പരാതികള്‍ പൊലീസിന് ലഭിച്ചത്. 6 പേരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പൊലീസ് ആദ്യം പരിശോധിച്ചത്. എന്നാല്‍ ആറു പെണ്‍കുട്ടികളും ജില്ലയിലെ വിവിധ സ്‌കൂള്‍, കോളജ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണെന്നും പരസ്പരം ബന്ധമില്ലെന്നും കണ്ടെത്തി. കമിതാക്കള്‍ക്കൊപ്പമാണ് 5 പെണ്‍കുട്ടികള്‍ പോയതെന്ന് ആദ്യ അന്വേഷണത്തില്‍ തന്നെ കണ്ടെത്തി.

ആണ്‍സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് പെണ്‍കുട്ടികള്‍ പോയത്. ചാലക്കുടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി പോയത് അയല്‍വാസിക്കൊപ്പമായിരുന്നു. പുതുക്കാട് നിന്ന് കാണാതായ പെണ്‍കുട്ടിയെ കൊല്ലത്ത് നിന്ന് കണ്ടെത്തി. വടക്കാഞ്ചേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം കാസര്‍കോഡ് നിന്ന് കിട്ടി.

വെസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഈ കുട്ടി നാലാം തവണയാണ് വീട് വിട്ടു പോകുന്നത്. കുടുംബപ്രശ്‌നമാണ് കുട്ടി നിരന്തരം ഓടിപ്പോകാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.തൃശ്ശൂര്‍ സിറ്റി, റൂറല്‍ പൊലീസ് പരിധികളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു അന്വേഷണ ചുമതല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ