ചീഫ് സെക്രട്ടറിയുടെ ലേഖനം; വ്യക്തിപരമായ കാര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെ പിന്തുണച്ച് ചീഫ് സെക്രട്ടറി ടോം ജോസ് എഴുതിയ ലേഖനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്ത്. ലേഖനം എഴുതുന്നത് വ്യക്തപരമാണെന്നും അതിന് അനുമതിയുടെ ആവശ്യം ഇല്ലെന്നും പിണറായി വ്യക്തമാക്കി. നിയമസഭയിലാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുടെ ലേഖനത്തെ അനുകൂലിച്ച് സംസാരിച്ചത്.

ലേഖനം എഴുതാന്‍ ചീഫ് സെക്രട്ടറിക്ക് എങ്ങനെ സാധിച്ചെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു ഇനിന് മറുപടിയായാണ് ചീഫ് സെക്രട്ടറിയെ ന്യായീകരിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം. അതേസമയം ലേഖനത്തിലെ നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടപ്പോള്‍ അത് വായിച്ചിട്ടില്ല എന്നായിരുന്നു മുഖ്യന്റെ മറുപടി.

എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി രംഗത്തെത്തിയിരിക്കുകയാണ് സി.പി.ഐ സംസ്ഥാന അദ്ധ്യക്ഷന്‍ കാനം രാജേന്ദ്രന്‍. സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ചീഫ് സെക്രട്ടറി ലേഖനം എഴുതിയത് എന്നും കാനം കുറ്റപ്പെടുത്തി. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ ഇത് കോടതി അലക്ഷ്യമാണെന്നും നടപടി വേണമെന്നും കാനം ആവശ്യപ്പെട്ടു.

അതേസമയം യു.എ.പി.എ കേസില്‍ പ്രതികളായവര്‍ക്ക് ജാമ്യം നിഷേധിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ക്ക് ജാമ്യം നിഷേധിക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കാനം തുറന്നു പറഞ്ഞു.