വിഷപ്പുകയില്‍ ശ്വാസംമുട്ടാൻ ഇനി ഇനി കേരളം കൂടി

വിഷപ്പുകയില്‍ ശ്വാസംമുട്ടി പിടയുന്ന ഡല്‍ഹി ജനത ശുദ്ധവായുവിനായി കേഴുമ്പോള്‍ ഭയക്കേണ്ടത് ഇനി കേരളം കൂടിയാണ്. ഇന്ദ്രപ്രസ്ഥത്തിലെ ജനത പ്രതീക്ഷയോടെ നോക്കുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവസ്ഥയും ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത് തന്നെയാണ്.

ഡല്‍ഹിയെപ്പോലെ വായുമലിനീകരണം കൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരങ്ങളിലെ ജനങ്ങള്‍ പ്രതീക്ഷയോടെ കേരളത്തെ ഉറ്റുനോക്കുമ്പോള്‍ ഇവിടുത്തെ അവസ്ഥയും ആശാവഹമല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ശുദ്ധവായുവും ശുദ്ധജലവും പ്രകൃതി കനിഞ്ഞരുളിയ പച്ചപ്പുമെല്ലാം നിറഞ്ഞു നിന്ന പഴയ കേരളമല്ല പുതിയ കേരളം. കേരളത്തിനു കാവലായി നില്‍ക്കുന്ന പശ്ചിമഘട്ട മിലനിരകളെ തുരന്നുകൊണ്ടുള്ള പാറമടകളും അന്തീക്ഷ മലിനീകരണവും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പുഴകളും നദികളും അനുദിനം മലിനമാക്കുന്നതും കേരളത്തിന്റെ പരിസ്ഥിതി സംതുലനാവസ്ഥയെയാണ് തകര്‍ക്കുന്നത്. ഇവിടുത്തെ കാലാവസ്ഥപോലും താളം തെറ്റിയിരിക്കുകയാണ്. രണ്ട് മഹാപ്രളയങ്ങള്‍ക്കാണ് കേരളം ഇതിനകം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

2019 ആഗസ്തിലെ പേമാരിയിലും ഉരുള്‍പൊട്ടലിലും മാത്രം സംസ്ഥാനത്ത് തകര്‍ന്നത് 61,455 വീടുകളാണ്. ഇതില്‍ 22,509 വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ലാന്റ് റവന്യൂ കമീഷണര്‍ അധ്യക്ഷയായ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ഉരുള്‍പൊട്ടലും പേമാരിയും കാര്യമായി ബാധിച്ച മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വീടുകള്‍ തകര്‍ന്നിരിക്കുന്നത്. ഇവിടെ മാത്രം 6,607 വീടുകള്‍ക്ക് സഹായത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വയനാട് 3265 വീടുകള്‍ക്കും കോഴിക്കോട് 2518 എണ്ണത്തിനുമാണ് നഷ്ടപരിഹാരം നല്‍കുന്നത്.

മനുഷ്യനിര്‍മ്മിത ദുരന്തങ്ങളായി പ്രളയത്തെ വിശേഷിപ്പിക്കുമ്പോള്‍ കേരളവും ജീവിക്കാന്‍ കഴിയാത്ത നാടായി മാറുകയാണെന്ന ആശങ്കയാണിതോടെ പടരുന്നത്. 15 വര്‍ഷം മുമ്പ് ഗള്‍ഫ് നാടുകളില്‍ കുടിക്കാന്‍ കുപ്പിവെള്ളം കിട്ടുമെന്നത് കൗതുകത്തോടെയാണ് മലയാളികള്‍ കേട്ടിരുന്നത്. ഇന്ന് പുഴകളും നദികളും മലിനമായതോടെ മലയാളി കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥ സര്‍വ്വ സാധാരണമാണ്.

വനങ്ങളും പച്ചപ്പും നിറഞ്ഞ കേരളത്തില്‍ ഇന്ന് ശുദ്ധവായുവും അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. 44 നദികളാല്‍ ജലസമൃദ്ധമായ കേരളത്തില്‍ ഈ നദികളിലെ വെള്ളമായിരുന്നു ഒരു കാലത്ത് ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്.

മലിനീകരണം കാരണം കോളിഫോം ബാക്ടീരിയയുടെ പരിധിയും കൂടുതലായതിനാല്‍ നദികളിലെയും പുഴകളിലെയും വെള്ളം കുടിക്കാനായി ഉപയോഗിക്കാന്‍പോലും പറ്റാത്ത അവസ്ഥയിലാണുള്ളത്. വെള്ളത്തിലെ ഒക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതും ഇപ്പോള്‍ ദൃശ്യമാണ്.

ലോകത്ത് വായുമലനീകരണം കൂടുതലുള്ള 10 നഗരങ്ങളില്‍ ഏഴും ഇന്ത്യയിലാണെന്നതാണ് ശ്രദ്ധേയം. പുകവലിക്കാരനല്ലാത്ത ഒരാള്‍, ദിവസം 20 സിഗരറ്റ് വലിച്ചാലുള്ള അത്രയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഡല്‍ഹിയിലെ വായു ശ്വസിക്കുന്നവര്‍ ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്.

പുകയിലയേക്കാള്‍ വലിയ ദുരന്തമാണ് വായുമലിനീകരണം ഇന്ത്യക്ക് സമ്മാനിക്കുന്നത്. വായുമലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിച്ച് 2017ല്‍ മാത്രം ഇന്ത്യയില്‍ 12.4 ലക്ഷം പേരാണ് മരണപ്പെട്ടിരിക്കുന്നത്.

2017ല്‍ ഇന്ത്യയിലുണ്ടായ ആകെ മരണങ്ങളില്‍ എട്ടില്‍ ഒന്നും വായുമലിനീകരണത്തിന്റെ ഫലമാണെന്നാണ് ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വായുമലിനീകരണത്തിന്റെ തോത് അനുവദനീയമായ അളവിലേക്ക് കുറച്ചാല്‍ ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യം 1.7 വര്‍ഷം കൂട്ടാനുമാകുമെന്ന കണ്ടെത്തലും ഈ റിപ്പോര്‍ട്ടിലുണ്ട്.

ഡല്‍ഹി അടക്കമുള്ള നഗരങ്ങളിലെ വായുമലിനീകരണത്തിലും സുരക്ഷിതരാണെന്ന് ആശ്വസിക്കുന്ന മലയാളികളെ ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് തന്നെ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. കൊച്ചി, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വായുമലിനീകരണം ആപായ രേഖക്കരുകിലാണെന്നാണ് പുതിയ കണ്ടെത്തല്‍.

ജലസമൃദ്ധമായിരുന്ന കേരളത്തിലെ ജനങ്ങള്‍ കുടിവെള്ളത്തിന് കുപ്പിവെള്ളത്തെ ആശ്രിയിക്കേണ്ടി വന്നതു പോലെ പരിസ്ഥിതി നാശവും മലിനീകരണവും തുടര്‍ന്നാല്‍ ശുദ്ധവായുവും കുപ്പിയില്‍ വാങ്ങേണ്ടിവരുമെന്ന അവസ്ഥയാണ് നിലവിലുള്ളത്.

കാനഡയിലെ മലനിരകളില്‍ നിന്നും ശേഖരിച്ച് അലുമിനിയം കുപ്പികളിലാക്കി ഇന്ത്യയിലേക്ക് ശുദ്ധവായു എത്തിക്കുകയാണെങ്കില്‍ 10 ലിറ്ററിന് 25 ഡോളറാണ് വില വരിക. . 10 ലിറ്റര്‍ ശുദ്ധവായു 200 തവണ ശ്വസിക്കാമെന്നാണ് ഒരു പ്രമുഖ കമ്പനി അവകാശപ്പെടുന്നത്. അങ്ങനെ കണക്ക്കൂട്ടിയാല്‍ ഒരു തവണ ശ്വസിക്കാന്‍ 8.80 രൂപയാണ് ചെലവ് വരിക. ഈ പോക്കു പോയാല്‍ മനുഷ്യന്റെ ജീവിത ബഡ്ജറ്റില്‍ ശ്വസിക്കാനുള്ള തുക കൂടി ഇനി കണ്ടെത്തേണ്ടി വരും.

ഭുമിയുടെ ശ്വാസകോശമായ ആമസോണ്‍ കാടുകള്‍ വനം കൊള്ളക്കാരും ഖനനമാഫിയയും കത്തിക്കുന്നത് മൂലം ലോകം തന്നെ വലിയ പ്രതിസന്ധിയിലേക്കാണ് നിലവില്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. 55 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ആമസോണ്‍ മഴക്കാടുകളില്‍ നിന്നാണ് ഭൂമിയുടെ അന്തരീക്ഷത്തിന്റെ ആകെ ഓക്‌സിജന്റെ 20 ശതമാനവും പുറത്തുവിടുന്നത്. ആഗോളതാപനത്തിന്റെ രൂക്ഷതകുറക്കുന്നതും ആമസോണ്‍ മഴക്കാടുകളാണ്.

ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, പെറു, സുരിനേം, വെനിസ്വേല എന്നീ രാജ്യങ്ങളിലായാണ് ആമസോണ്‍ വനമേഖല പടര്‍ന്ന് കിടക്കുന്നത്. ഇതില്‍ 60 ശതമാനവും ബ്രസീലിലാണ്. ഖനനമാഫിയയും മരം വെട്ടുന്ന മാഫിയയും ആമസോണ്‍ വനം വെട്ടിവെളുപ്പിക്കുകയാണ് നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

ആമസോണ്‍ വനംസംരക്ഷിക്കുന്ന ഗോത്രജനതയുടെ നേതാവായ പരിസ്ഥിതി പ്രവര്‍ത്തകന്‍ പൗലോ പൗലിനോ ഗുജ്ജാരയെ വനംകൊള്ളക്കാര്‍ വെടിവെച്ചു കൊലപ്പെടുത്തിയത് ലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ആമസോണ്‍ കാടുകള്‍ എങ്ങനെയാണോ അതുപോലെയാണ് കേരളത്തിന് പശ്ചിമഘട്ട മലനിരകളും. ഇവിടുത്തെ വനങ്ങളും ജൈവസമ്പത്തും മനുഷ്യരാശിയുടെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്.

മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെ അറബിക്കടലിന് സമാന്തരമായി കിടക്കുന്ന 1,600 കിലോ മീറ്റര്‍ ദൈര്‍ഘ്യവും 1,60000 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയമുള്ള പശ്ചിമഘട്ട മലനിരകളാണ് കേരളത്തിലെ കാലവര്‍ഷത്തിനും മികച്ച കാലാവസ്ഥക്കുമെല്ലാം വഴിയൊരുക്കുന്നത്. ഈ പശ്ചിമഘട്ടമലനിരകളെ തകര്‍ക്കുന്ന തരത്തിലുള്ള കരിങ്കല്‍ ക്വാറികളും, വനനശീകരണവുമാണ് ഉരുള്‍പൊട്ടലടക്കമുള്ള ദുരന്തങ്ങള്‍ക്ക് ഇവിടെ വഴിയൊരുക്കുന്നത്.

750 ക്വാറികള്‍ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കേരളത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടെ ആറായിരത്തോളം ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. വന്യജീവി സങ്കേതങ്ങളില്‍ നിന്നും 10 കിലോ മീറ്റര്‍ അകലെയെ ക്വാറികള്‍ പാടുള്ളൂവെന്ന നിയന്ത്രണം ഒരു കിലോ മീറ്റര്‍ മാത്രമാക്കി കുറച്ചതും ഖനനമാഫിയയക്ക് ഗുണമായി മാറിയിട്ടുണ്ട്. അനുമതി ഇല്ലാെത പ്രവര്‍ത്തിക്കുന്ന നിരവധി ക്വാറികളും സംസ്ഥാനത്ത് നിലവിലുണ്ട്.

മലിനീകരണം തടയുന്നതിനായി കാര്യമായ ഒരു കര്‍മ്മപദ്ധതിയും കേരളത്തില്‍ ഇപ്പോഴില്ല. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരായ 2011ലെ ഹൈക്കോടതി വിധിപോലും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. ഫ്‌ളക്‌സ് നിരോധനം അടക്കമുള്ള വിധികളും വ്യാപകമായി ലംഘിക്കപ്പെടുകയാണ്. ഇക്കാര്യത്തില്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരും തയ്യാറാകേണ്ടതുണ്ട്.

പ്രകൃതിസംരക്ഷണത്തിന്റെ പ്രധാന്യം ജനങ്ങളെ പഠിപ്പിക്കുന്നതോടൊപ്പം പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്ന ഖനനമാഫിയയെ കൈയാമം വെക്കാനും തയ്യാറാവണം. ഇത്തരക്കാര്‍ ഇനിയും പരസ്ഥിതിയെ തകര്‍ക്കുന്നത് കണ്ടില്ലെന്നു നടിച്ചാല്‍ പ്രാണവായുവിനായി നെട്ടോട്ടമോടുന്ന ഡല്‍ഹി ജനതയുടെ അവസ്ഥ നാളെ മലയാളികള്‍ക്കുമുണ്ടാകും. അക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.