അയോധ്യ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി കേരളാ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. ഡിജിപിയും ഗവർണറെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിയെക്കുറിച്ചും സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളെക്കുറിച്ചും ഡിജിപി ഗവര്‍ണറെ അറിയിച്ചു.

എസ്പിമാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഡിജിപി എസ്പിമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തി. സംസ്ഥാനത്തും നവ മാധ്യമങ്ങൾ നിരീക്ഷണ വിധേയമായിരിക്കും. കരുതൽ തടങ്കലുകൾക്കും നിർദ്ദേശമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും പരിശോധന നടത്തും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ബാബരി കേസില്‍ വിധി പറയുക. നാളെ രാവിലെ 10.30നാണ് വിധി പ്രഖ്യാപനം. തുടര്‍ച്ചയായ 40 ദിവസം വാദം കേട്ട ശേഷമാണ് നാളെ വിധി പറയുന്നത്.