അയോധ്യയിൽ ഇനി ക്ഷേത്രം നിർമ്മിക്കാം, മുസ്ലീങ്ങൾക്ക് പകരം ഭൂമി നൽകും

ന്യൂഡല്‍ഹി: അയോധ്യാ കേസില്‍ ചരിത്രപരമായ വിധി പറഞ്ഞ് സുപ്രീം കോടതി.നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് നിര്‍ണ്ണായക വിധി പറഞ്ഞിരിക്കുന്നത്.

അയോധ്യഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാനും മുസ്ലീങ്ങള്‍ക്ക് പകരം ഭൂമി നല്‍കാമെന്നുമാണ് സുപ്രധാന വിധി. മുസ്ലീംങ്ങള്‍ക്ക് പള്ളിപണിയാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കണം. ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് ഉണ്ടാക്കണം. ട്രസ്റ്റില്‍ നിര്‍മോഹി അഖാഡെയ്ക്ക് അര്‍ഹമായ സ്ഥാനം കൊടുക്കണം. മൂന്ന് മുതല്‍ നാല് മാസത്തിനകം കേന്ദ്രം കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും കോടതി പറഞ്ഞു.ഭൂമിയില്‍ രാംലല്ലയുടെ അവകാശം സമാധാനം നിലനിര്‍ത്തിയാല്‍ മാത്രമെന്നും കോടതി വ്യക്തമാക്കി.

അതേസമയം തര്‍ക്കഭൂമി ഏതെങ്കിലും കക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി പൂര്‍ണമായും തള്ളിയ കോടതി ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും വ്യക്തമാക്കി.

അയോധ്യ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട അതിസങ്കീര്‍ണമായ കേസില്‍ ശാശ്വതമായ പരിഹാരം കാണുന്ന വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. രാജ്യവ്യാപകമായി കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. വിധി പ്രസ്താവിക്കുന്ന അഞ്ച് ജഡ്ജിമാര്‍ക്കും കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിക്കാന്‍ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളില്‍ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്.

പലതലത്തില്‍ പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയൂടെ രണ്ടിരട്ടി പ്രായമുണ്ട്. ഒക്ടോബര്‍ 16 നാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയിരുന്നത്.

ചരിത്രപരമായ വിധി പറഞ്ഞ ജഡ്ജിന്മാര്‍ ഇവരാണ്

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്

അസമില്‍ നിന്നുള്ള രഞ്ജന്‍ ഗോഗോയ് വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നും ഇന്ത്യന്‍ ജൂഡീഷ്യറിയുടെ പരമോന്നത സ്ഥാനം വഹിക്കുന്ന ആദ്യ വ്യക്തിയാണ്. 2018 ഒക്ടോബറിലാണ് അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. ഗുവാഹത്തി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്ത അദ്ദേഹം 2001 ഫെബ്രുവരി 28 ന് സ്ഥിരം ജഡ്ജിയായി. ശേഷം പഞ്ചാബ്/ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. അവിടെ അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കുയര്‍ന്നു. 2012 ലാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്. തന്റെ കരിയറില്‍ സുപ്രധാനമായ നിരവധി കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. നവംബര്‍ 17ന് താന്‍ വിരമിക്കുന്നതിന് മുമ്പ് തന്നെ അയോധ്യ കേസില്‍ വിധി പ്രസ്താവിക്കുമന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വിധിയ്ക്ക് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ വെള്ളിയാഴ്ച വൈകീട്ട് അദ്ദേഹം ഉത്തര്‍പ്രദേശ് അധികാരികളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

ജസ്റ്റിസ് എസ്.എ ബോബഡെ

രഞ്ജന്‍ ഗൊഗോയ് സ്ഥാനമൊഴിയുന്നതോടെ നവംബര്‍ 17 ന് ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. 2000 ല്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. 2013 ലാണ് ബോബ്ഡെ സുപ്രീംകോടതി ജഡ്ജിയാവുന്നത്.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

മുന്‍ ചീഫ് ജസ്റ്റിസ് വൈവി ചന്ദ്രചൂഢിന്റെ മകനാണ് ഡിവൈ ചന്ദ്രചൂഡ്. 2016 മേയിലാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. മുമ്പ് നേരത്തെ ബോംബെ ഹൈക്കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. അഡള്‍ട്ടറി നിയമം, സ്വകാര്യതയ്ക്കുള്ള അവകാശം ഉള്‍പ്പടെ നിരവധി വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

ജസ്റ്റിസ് അശോക് ഭൂഷന്‍

1979 ല്‍ സേവനമാരംഭിച്ച അശോക് ഭൂഷന്‍ 2001 അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജി ആവുന്നതിന് മുമ്പ് അവിടെ അഭിഭാഷകനായി സേവനമനുഷ്ടിച്ചിരുന്നു. 2014 ല്‍ കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച അദ്ദേഹം കുറച്ച് മാസങ്ങള്‍ക്ക് ശേഷം അവിടെ ആക്റ്റിങ് ചീഫ് ജസ്റ്റിസ് ആയി മാറുകയും മാര്‍ച്ചില്‍ ചീഫ് ജസ്റ്റിസ് സ്ഥാനമേല്‍ക്കുകയും ചെയ്തു. 2016 മേയ് 13 ലാണ് അദ്ദേഹം സുപ്രീംകോടതിയില്‍ നിയമിതനാവുന്നത്.

ജസ്റ്റീസ് അബ്ദുള്‍ നസീര്‍

1983 ല്‍ അഭിഭാഷകനായി സേവനം ആരംഭിച്ച അദ്ദേഹം 20 വര്‍ഷക്കാലം കര്‍ണാടക ഹൈക്കോടതിയിലായിരുന്നു. 2003 ല്‍ അവിടെ അഡീഷണല്‍ ജഡ്ജ് എന്ന നിലയില്‍ നിയമിതനായ അദ്ദേഹം അടുത്ത വര്‍ഷം സ്ഥിരം ജഡ്ജിയായി ചുമതലയേറ്റു. 2017 ഫെബ്രുവരിയില്‍ സുപ്രീംകോടതിയില്‍ നിയമതിനായി. മുത്തലാഖുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ പേര് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.