ചരിത്ര വിധി; രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: അയോധ്യകേസിലേത് ചരിത്ര വിധിയെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇതോടെ കൂടുതല്‍ ശക്തിപ്പെടുമെന്നും അഭിപ്രായപ്പെട്ടു.

അയോധ്യ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി പ്രഖ്യാപനത്തെ പൂര്‍ണമായി അംഗീകരിക്കുന്നു. കോടതി വിധി എല്ലാ മതത്തിലും സമുദായത്തിലും ഉള്‍പ്പെട്ടവര്‍ അംഗീകരിക്കണമെന്നും ഒരു ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അമിത് ഷാ അഭ്യര്‍ത്ഥിച്ചു.

നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ചാണ് നിര്‍ണ്ണായക വിധി പ്രസ്താവിച്ചത്. അയോധ്യഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാനും മുസ്ലീങ്ങള്‍ക്ക് പകരം ഭൂമി നല്‍കാനും സുപ്രീംകോടതി വിധിച്ചു. മുസ്ലീംങ്ങള്‍ക്ക് പള്ളിപണിയാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കണം. ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് ഉണ്ടാക്കണം. ട്രസ്റ്റില്‍ നിര്‍മോഹി അഖാഡെയ്ക്ക് അര്‍ഹമായ സ്ഥാനം കൊടുക്കണം. മൂന്ന് മുതല്‍ നാല് മാസത്തിനകം കേന്ദ്രം കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും കോടതി പറഞ്ഞു.ഭൂമിയില്‍ രാംലല്ലയുടെ അവകാശം സമാധാനം നിലനിര്‍ത്തിയാല്‍ മാത്രമെന്നും കോടതി വ്യക്തമാക്കി.

അതേസമയം തര്‍ക്കഭൂമി ഏതെങ്കിലും കക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി പൂര്‍ണമായും തള്ളിയ കോടതി ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും വ്യക്തമാക്കി.