അയോധ്യ വിധി, ബിജെപിക്ക് രാഷ്ട്രീയമായി ഉപയോഗിക്കാനാവില്ല; രണ്‍ദീപ് സിംഗ് സുര്‍ജെവാല

ന്യൂഡല്‍ഹി: അയോധ്യ ചരിത്ര വിധിയെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. തങ്ങളാണ് രാമക്ഷേത്രം വേണമെന്ന ആവശ്യത്തിനായി നിലകൊണ്ടതെന്നും ബിജെപിക്ക് അയോധ്യ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി പ്രസ്താവിച്ച ഉടനെ കോണ്‍ഗ്രസിന്റെ ദേശീയ പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ ചേരുകയും സംയുക്ത പ്രസ്താവന പ്രവര്‍ത്തക സമിതി പുറത്തിറക്കുകയും ചെയ്തു. അയോധ്യ വിധിയുടെ നേട്ടം തങ്ങള്‍ക്ക് സ്വന്തമെന്ന് ആര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയില്‍ രാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചത് എന്ന വാദവും അയോധ്യയില്‍ നൂറ്റാണ്ടുകള്‍ മുന്‍പേ പള്ളിയുണ്ടായിരുന്നുവെന്ന വാദവും സുപ്രീംകോടതി തള്ളി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിച്ച കോടതി ബാബ്‌റി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിക്ക് താഴെ മറ്റൊരു നിര്‍മ്മിതിയുണ്ടെന്നും എന്നാല്‍ ഇത് ഇസ്ലാമികമായ ഒരു നിര്‍മ്മിതിയല്ലെന്നും നിരീക്ഷിച്ചു. അതേസമയം ഇത് ക്ഷേത്രമാണെന്ന് കോടതി പറഞ്ഞിട്ടുമില്ല.

അയോധ്യ ഹിന്ദു ദൈവമായ രാമന്റെ ജന്മഭൂമിയെന്ന വിശ്വാസത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ അതിനെ അടിസ്ഥാനമാക്കി തര്‍ക്കഭൂമി കേസില്‍ വിധി പറയാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബാബ്‌റി മസ്ജിദ് കാലങ്ങളായി മുസ്ലീം ആരാധനാലയമായിരുന്നുവെന്ന വാദത്തേയും കോടതി അംഗീകരിച്ചില്ല. 1857 മുതല്‍ തര്‍ക്കഭൂമിയുടെ അകത്ത് മുസ്ലീങ്ങള്‍ ആരാധന നടത്തിയതായി സ്ഥിരീകരിക്കുന്ന കോടതി എന്നാല്‍ അതിനും മുന്‍പും ശേഷവും പ്രദേശത്ത് ഹിന്ദുമതവിശ്വാസികള്‍ ആരാധനയും പ്രാര്‍ത്ഥനയും നടത്തി വന്നിരുന്നതായി ചരിത്രവസ്തുതകള്‍ ചൂണ്ടിക്കാട്ടി വിലയിരുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ