അയോധ്യ വിധിയില്‍ അതൃപ്തി, പുനഃപരിശോധനയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും; സുന്നി വഖഫ് ബോര്‍ഡ്

ന്യൂഡല്‍ഹി: അയോധ്യ ചരിത്ര വിധിയില്‍ അതൃപ്തി രേഖപ്പെടുത്തി സുന്നി വഖഫ് ബോര്‍ഡ് രംഗത്ത്. ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ക്ഷേത്രം പണിയാമെന്ന വിധി അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് സുന്നി വഖഫ് ബോര്‍ഡ് പ്രതികരിച്ചത്.

കേസില്‍ കക്ഷിയായിരുന്ന വഖഫ് ബോര്‍ഡിന്റെ വാദങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നുവെന്ന് കണ്ടെത്തിയ കോടതി ഭൂമിയില്‍ വഖഫ് ബോര്‍ഡിന് ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കാനായില്ലെന്ന് വിലയിരുത്തി. കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാല്‍ വിധിയില്‍ തൃപ്തിയില്ല. വിധി പ്രസ്താവം കേട്ടു. എന്നാല്‍ വിശദമായ വിധി പകര്‍പ്പ് വായിച്ച ശേഷമേ പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമെടുക്കൂ- സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി വ്യക്തമാക്കി.

വിധിയില്‍ പുനഃപരിശോധനയ്ക്കായി എല്ലാ നിയമപരമായ വഴികളും തേടുമെന്നും സുന്നി വഖഫ് ബോര്‍ഡിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനുമായി ചര്‍ച്ച നടത്തും. ഞങ്ങള്‍ നമാസ് നടത്തിയിരുന്ന ബാബ്‌റി മസ്ജിദിന്റെ അകത്തെ നടുമുറ്റത്ത് പ്രാര്‍ത്ഥന നടത്താനുള്ള അവകാശം വേണം. തര്‍ക്കഭൂമിയില്‍ കുറച്ച് ഭാഗങ്ങളുടെ അവകാശം വേണമെന്ന് തന്നെയാണ് ഞങ്ങള്‍ വാദിച്ചത്. മറ്റൊരിടത്ത് പള്ളി പണിയാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലുകളില്‍ മുസ്ലിങ്ങള്‍ക്ക് അനുകൂലമായ നിരീക്ഷണങ്ങളുമുണ്ട്. അതെന്തുകൊണ്ട് മുഖവിലയ്ക്ക് കോടതി എടുത്തില്ല എന്ന കാര്യം പരിശോധിക്കണം – സഫര്‍യാബ് ജിലാനി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ