അനിശ്ചിതത്വത്തിനൊടുവില്‍ കെപിസിസി പുനസംഘടന യഥാര്‍ത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവില്‍ കെപിസിസി പുനസംഘടന യഥാര്‍ത്ഥ്യത്തിലേക്ക്. ജംബോ ഭാരവാഹിപ്പട്ടികയാണ് പ്രഖ്യാപിക്കാനൊരുങ്ങുന്നത് എന്നാണ് സൂചന. കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റെടുത്ത് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ് പുതിയ നേതൃത്വം കെപിസിസിയിലുണ്ടാവുന്നത്. ചെറിയ കമ്മിറ്റി മതിയെന്നായിരുന്നു അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. എന്നാല്‍ എ-ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ വന്നതോടെ വീണ്ടും ജംബോ കമ്മിറ്റി രൂപീകരണത്തിന് വഴിയൊരുങ്ങുകയായിരുന്നു.

ഇത്രയേറെ ഭാരവാഹികളെ പ്രഖ്യാപിക്കുന്നത് ആക്ഷേപത്തിന് കാരണമായേക്കാം എന്നതിനാല്‍ ആദ്യഘട്ടത്തില്‍ പകുതി ഭാരവാഹികളെ മാത്രമായിരിക്കും പ്രഖ്യാപിക്കുക. വര്‍ക്കിംഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, ഖജാന്‍ജി എന്നിവരെയാവും ആദ്യം പ്രഖ്യാപിക്കുക. 30 ജനറല്‍ സെക്രട്ടറിമാരേയും അഞ്ച് വൈസ് പ്രസിഡന്റുമാരേയും ട്രഷററേയും ഉടനെ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്.

ഭാരവാഹികളെ പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നലെ ഡല്‍ഹിയില്‍ എത്തിയിരുന്നു.ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയിലെത്തി ചര്‍ച്ചകളില്‍ സജീവമായിട്ടുണ്ട്. അഞ്ച് വൈസ് പ്രസിഡന്റ് അല്ലെങ്കില്‍ മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്.

നിലവില്‍ മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരാണ് പാര്‍ട്ടിക്കുള്ളത് ഇതിനു പകരം വൈസ് പ്രസിഡന്റുമാരെ നിയമിക്കണോ എന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. കെവി തോമസിനെ യുഡിഎഫ് കണ്‍വീനറായി പരിഗണിക്കാന്‍ സാധ്യതയുണ്ട്.