മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച്‌ ഗവര്‍ണര്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച്‌ ഗവര്‍ണര്‍. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി മന്ത്രിസഭ രൂപവത്കരണത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയോട് മന്ത്രിസഭ രൂപീകരിക്കാനുള്ള സന്നദ്ധതഗവര്‍ണര്‍ഭ​ഗ​ത്​ സി​ങ്​​ കോ​ശി​യാ​രി ആരാഞ്ഞത്.

ശിവസേന എന്‍ഡിഎ സഖ്യം വിടുകയും കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്താല്‍ സഖ്യ സാധ്യത പരിശോധിക്കാമെന്ന് എന്‍സിപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നത്.

ഗവർണറുടെ ക്ഷണം വന്നതിന് പിന്നാലെ എൻസിപി നേതാവ് നവാബ് മാലിക് രാജി ഉടൻ വേണമെന്ന് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിന്‍റെ നിലപാടാണ് ഇനി നിർണ്ണായകം.

രാഷ്ട്രപതി ഭരണത്തിലേക്ക് മഹാരാഷ്ട്രയെ വിടില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സഖ്യത്തിനോട് ഹൈക്കമാൻഡിന് അനുകൂല നിലപാടല്ല ഉള്ളത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും.

ശനിയാഴ്ച വൈകിട്ടാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചത്. ഞായറാഴ്ച രാത്രി എട്ടിനകം മറുപടി നൽകാനായിരുന്നു ഗവർണറുടെ നിർദേശം.

ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതോടെയാണു മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

എന്നാൽ ബിജെപിക്ക് ഇതിനോട് താൽപര്യമില്ല. പ്രതിപക്ഷമായി എൻസിപിയോടു കോൺഗ്രസിനോടും ചേർന്നു സർക്കാർ രൂപികരിക്കാനായിരുന്നു ശിവസേനയുടെ നീക്കം.

288 അംഗ നിയമസഭയിൽ 105 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിനു 145 പേരുടെ പിന്തുണയാണ് വേണ്ടത്. സ്വതന്ത്രരും ചെറു കക്ഷികളുമടക്കമുള്ള 29 ൽ 15 അംഗങ്ങളുടെ പിന്തുണ പാർട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും അപ്പോഴും 120 പേരുടെ പിന്തുണ മാത്രമെ ഉണ്ടാകുകയുള്ളു. ശിവസേന– 56, എൻസിപി – 54, കോൺഗ്രസ് – 44 എന്നിങ്ങനെയാണ് മറ്റുപാർട്ടികളുടെ കക്ഷി നില.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ