ശിവസേന സര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണയ്ക്കും

മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കുന്നതിൽ ശിവസേനയെ പിന്തുണക്കാൻ കോൺഗ്രസ് തീരുമാനം. പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള കത്ത് കോണ്‍ഗ്രസ് ഫാക്‌സ് ചെയ്തിട്ടുണ്ടെന്ന് ശിവസേന വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്ന രണ്ടാമത്തെ കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം. അതിനിടെ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രൂപവത്കരണത്തിന് പിന്തുണതേടി സോണിയയുമായി നേരിട്ട് ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ശിവസേനയെ പുറത്തുനിന്ന് പിന്തുണക്കാനാണ് കോൺഗ്രസ് തീരുമാനിച്ചത്. ഇതിന് പിന്നാലെ ശിവസേന നേതാക്കൾ ഗവർണറെ കാണാനായി രാജ്ഭവനിലെത്തി.
ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ നേതൃത്വത്തിലാണ് നേതാക്കൾ ഗവർണർ ഭഗത് സിങ് കോശിയാരിയെ കാണുന്നത്. കോൺഗ്രസിന്‍റെയും എൻ.സി.പിയുടെയും പിന്തുണ അറിയിച്ച കത്ത് ശിവസേനക്ക് കൈമാറിയതായാണ് വിവരം. തിങ്കളാഴ്ച രാത്രി 7.30 വരെയാണ് ഗവർണർ ശിവസേനക്ക് സർക്കാർ രൂപവത്കരണ സന്നദ്ധത അറിയിക്കാൻ സമയം നൽകിയത്. 288 അം​ഗ നി​യ​മ​സ​ഭ​യി​ൽ 145 പേ​രു​ടെ പി​ന്തു​ണ​യാ​ണ്​ ഭ​രി​ക്കാ​ൻ വേ​ണ്ട​ത്. ശി​വ​സേ​ന​ക്ക്​ 9 സ്വ​ത​ന്ത്ര​ർ അ​ട​ക്കം 65 പേ​രു​ണ്ട്. എൻ.സി.പിക്ക് 54 സീറ്റുണ്ട്. കോൺഗ്രസിന് 44 സീറ്റുമുണ്ട്. ഇവർ സഖ്യമാകുന്നതോടെ കേവലഭൂരിപക്ഷം തികയ്ക്കാം. 105 എം.​എ​ൽ.​എ​മാ​രാ​ണ്​ ബി.​ജെ.​പി​ക്കു​ള്ള​ത്. സ്വ​ത​ന്ത്ര​രും മ​റ്റ്​ ചെ​റു​ക​ക്ഷി​ക​ളും ഉ​ൾപ്പെടെ 18 പേ​രു​ടെ പി​ന്തു​ണ​യു​ള്ള​താ​യി ബി.​ജെ.​പി അ​വ​കാ​ശ​പ്പെ​ടുന്നു. എ​ങ്കി​ലും കേവലഭൂരിപക്ഷത്തിന് 22 പേ​രു​ടെ കു​റ​വു​ണ്ട്. നേരത്തെ, സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവസേനയെ പിന്തുണക്കാൻ തയാറാണെന്നും എന്നാൽ സഖ്യകക്ഷിയായ കോൺഗ്രസിന്‍റെ നിലപാട് അറിഞ്ഞ ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നുമായിരുന്നു എൻ.സി.പി നിലപാട്.