ജെഎന്‍യു: കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ ഉപരോധം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹറു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം വീണ്ടും ശക്തമാകുന്നു. ഹോസ്റ്റല്‍ ഫീസ് വര്‍ധനവിന് അന്തിമ അംഗീകാരം നല്‍കാന്‍ ചേരുന്ന ജെഎന്‍യു എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ഉപരോധം തുടങ്ങി. ജെഎന്‍യുവിലെ ഫീസ് വര്‍ധന, വസ്ത്രധാരണത്തിലെ നിര്‍ദ്ദേശങ്ങള്‍ സമയംക്രമം എന്നിവയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്തില്‍ സമരം നടക്കുന്നത്.

ഐഎച്ച്എ മാനുവല്‍ പരിഷ്‌ക്കരണം ഉപേക്ഷിക്കും വരെ സമരം തുടരാനാണ് തീരുമാനം. വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ ഇതുവരെ വിദ്യാര്‍ത്ഥികളെ കാണാന്‍ തയ്യാറായിട്ടില്ല. ഫീസ് വര്‍ധനവിനെതിരെ എബിവിപിയും സമരം തുടങ്ങുന്നുണ്ട്. സമരത്തിനെ ഇടതുസംഘടനകള്‍ രാഷ്ട്രീയവത്കരിച്ചെന്ന് എബിവിപി ആരോപിച്ചു.

ഫീസ് വര്‍ധന, രാത്രി സഞ്ചാര നിയന്ത്രണം, വസ്ത്രധാരണ നിയന്ത്രണം, സംവരണ അട്ടിമറി എന്നിവക്കിടയാക്കുന്നതാണ് പുതിയ ഹോസ്റ്റല്‍ കരട് നിയമാവലിയെന്നതാണ് വിദ്യാര്‍ഥികളുടെ ആരോപണം.

രണ്ടാഴ്ചയായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദദാനച്ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു. കേന്ദ്ര മാനവവിഭവശേഷിവകുപ്പ് മന്ത്രി രമേഷ് പൊഖ്രയാല്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താമെന്ന് ഉറപ്പു നല്‍കിയെങ്കിലും ചര്‍ച്ചയെന്ന് നടക്കുമെന്ന് കാര്യത്തില്‍ അറിയിപ്പ് ഒന്നും വിദ്യാര്‍ത്ഥി യൂണിയന് ലഭിച്ചിട്ടില്ല.