കെപിസിസി പ്രസിഡന്റാവാൻ മുരളീധരന്‍

കെപിസിസി പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നതിനായി വടകര എം.പി കെ മുരളീധരന്‍ കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. പദവി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചാണ് മുരളീധരൻ സോണിയയെ കണ്ടതെന്ന് അടുത്ത വ്യത്തങ്ങൾ പ്രതികരിച്ചതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയേറ്റതിനെക്കുറിച്ച് മുരളീധരൻ സോണിയയെ ധരിപ്പിച്ചിട്ടുണ്ട്. എ,ഐ ​ഗ്രൂപ്പുകളുടെ പോരിനെ നേരിടുന്നതില്‍ നിലവിലെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരാജയപ്പെട്ടതായും മുരളീധരന്‍ ‌‌‌ചൂണ്ടിക്കാട്ടിയതായി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടിൽ പറയുന്നു.

കെപിസിസി പുനഃസംഘടനയ്ക്കായി തയാറാക്കിയ ജംബോ പട്ടിക ഇതിന്റെ തെളിവാണ്. ഗ്രൂപ്പു സമവാക്യങ്ങള്‍ പാലിക്കാനായാണ് ഇത്ര വലിയ പട്ടിക തയാറാക്കിയതെന്നും പ്രായമേറിയ നേതാക്കളാണ് കൂടുതലായി പട്ടികയിൽ ഇടം പിടിച്ചതെന്നും മുരളീധരന്‍ സോണിയയെ ധരിപ്പിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിലെ പരാജയം പാര്‍ട്ടിയുടെ ദൗര്‍ബല്യമാണെന്നും ഇത് കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലെ പിഴവാണെന്നും മുരളീധരന്‍ പറയുന്നത്. അതേസമയം മുല്ലപ്പള്ളിയെ മാറ്റി മുരളീധരനെ കെപിസിസി പ്രസിഡന്റ് ആക്കുന്നതിൽ മറ്റു മുതിർന്ന നേതാക്കള്‍ക്ക് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മുരളീധരന്‍ നേരത്തെ നടത്തിയ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ‌ഇക്കൂട്ടർ എതിര്‍പ്പിന് മുഖ്യ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ചയാളാണ് മുരളീധരനെന്നാണ് മുതിർന്ന ഒരു നേതാവ് പ്രതികരിച്ചത്. തെന്നല ബാലകൃഷണനെപ്പോലെ മുതിര്‍ന്ന ഒരു നേതാവിന്റെ സീറ്റു തെറിപ്പിച്ചാണ് മുരളി 2001ല്‍ കെപിസിസി അദ്ധ്യക്ഷനായത്. അതുകൊണ്ടു തന്നെ മുരളിക്ക് ഒരു മികച്ച നേതാവാകാന്‍ കഴിയില്ലെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു. അതേസമയം പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് മുരളീധരന്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ തേടിയതായും സൂചനകളുണ്ട്. എന്നാൽ ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. “അടുത്ത തവണ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചേക്കാം, ഇതോടെ നിർണായക സമയങ്ങളിൽ വിശ്വസ്തനായ കെപിസിസി പ്രസിഡന്റ് ആവശ്യമായി വരും. നിലവിൽ മുല്ലപ്പള്ളി തനിക്ക് ഭീഷണിയല്ലെന്നാണ് അദ്ദേഹത്തിൻെറ കണക്കു കൂട്ടലെന്ന് മറ്റൊരു കോൺഗ്രസ് നേതാവ് പറഞ്ഞു.