നിരക്ക് ഇളവില്‍ നിര്‍ബാധം മൊബൈലില്‍ സംസാരിക്കാവുന്ന കാലം അസ്തമിക്കുന്നു

മുംബൈ: നിരക്ക് ഇളവില്‍ നിര്‍ബാധം മൊബൈലില്‍ സംസാരിക്കാവുന്ന കാലം അസ്തമിക്കുന്നു. കാള്‍, ഡാറ്റാ നിരക്കുകള്‍ കുത്തനെ കൂട്ടാനൊരുങ്ങുകയാണ് മൊബൈല്‍ കമ്പനികള്‍. വൊഡാഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ‘സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം’- എന്ന് വിശദീകരിച്ചാണ് എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഡിസംബര്‍ ഒന്നുമുതല്‍ പുതിയ നിരക്കിലേക്ക് മാറുന്നത്. മൂന്നു വര്‍ഷമായി മൊബൈല്‍ കമ്പനികള്‍ കാള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല. ജിയോയുടെ വരവ് മുന്‍നിര മൊബൈല്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ കനത്ത സാമ്പത്തിക നഷ്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ്, ഫോണ്‍ കോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ വൊഡാഫോണ്‍ ഐഡിയയും ഭാരതി എയര്‍ ടെല്ലും തീരുമാനിച്ചത്. എത്ര രൂപയാണ് വര്‍ദ്ധിക്കുക എന്ന കാര്യം ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല. ബി.എസ്.എന്‍.എലും റിലയന്‍സ് ജിയോയും നിരക്കു കൂട്ടാനിടയില്ല.

രണ്ടു വര്‍ഷത്തിനകം കോള്‍ നിരക്ക് 30 മുതല്‍ 45 ശതമാനം വരെയും ഡാറ്റാ നിരക്ക് 200 ശതമാനം വരെയും വര്‍ദ്ധിക്കുമെന്നാണ് സൂചന. നിരക്കുകള്‍ 10 ശതമാനം കൂട്ടുകയും വരിക്കാരെ നിലനിര്‍ത്തുകയും ചെയ്യാന്‍ സാധിച്ചാല്‍ മൂന്നുമാസം കൊണ്ട് ഇരു കമ്പനികള്‍ക്കും 3500 കോടി രൂപയുടെ അധിക വരുമാനം നേടാന്‍ സാധിക്കും. സൗജന്യ നിരക്കുകളുമായി വിപണിയിലെത്തിയ ജിയോ അടുത്തിടെ മിനിറ്റിന് ആറ് പൈസയായി കാള്‍ നിരക്ക് കൂട്ടിയിരുന്നു. സ്‌പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ സുപ്രിം കോടതി ഉത്തരവനുസരിച്ച് സര്‍ക്കാരിനു നല്‍കാനുള്ള കുടിശിക കൂടി കണക്കിലെടുത്ത്, എയര്‍ടെല്‍ ജൂലൈ-സെപ്റ്റംബര്‍ കാലത്ത് 23045 കോടി രൂപയുടെയും വോഡഫോണ്‍ ഐഡിയ 50921 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ടെലികോം കമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും ഒരു വ്യവസായവും അടച്ചുപൂട്ടുന്ന സ്ഥിതി വരില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കുടിശിക തിരിച്ചടവില്‍ ഇളവും മറ്റെന്തെങ്കിലും രക്ഷാപാക്കേജും പ്രതീക്ഷിക്കുകയാണു കമ്പനികള്‍. വമ്പന്‍ ഓഫറുകളുമായി രംഗത്തുവന്ന റിലയന്‍സ് ജിയോയുമായുള്ള കടുത്ത മല്‍സരമാണ് ടെലികോം വിപണിയിലെ തുടക്കക്കാരായ എയര്‍ടെലിനും വോഡഫോണിനും ഐഡിയയ്ക്കും വെല്ലുവിളിയായത്. വോഡഫോണ്‍- ഐഡിയ ലയനത്തിലേക്കു വഴിതെളിച്ചതും ഇതുതന്നെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ