ഇതിലും ഭേദം കോണ്‍ഗ്രസിനെ ജീവനോടെ കുഴിച്ചുമൂടാം

മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ അത് തന്റെ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുള്ള തെറ്റായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. പാരമ്പര്യം പറയുന്ന പാര്‍ട്ടിയെ ജീവനോടെ കുഴിച്ചുമൂടുന്നതിന് തുല്യമാണ് മഹാരാഷ്ട്രയില്‍ ചിന്തിക്കുന്ന പുതിയ കൂട്ടുകെട്ടെന്ന് നിരുപം മുന്നറിയിപ്പ് നല്‍കി.

ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി സമ്മര്‍ദത്തില്‍ അകപ്പെടുന്നതിന് എതിരെയും മുന്‍ എംപി നിലപാട് സ്വീകരിച്ചു. ഉത്തര്‍പ്രദേശില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിഎസ്പിയുമായി കൈകോര്‍ത്തത് ഒരു തെറ്റായിരുന്നുവെന്ന് സഞ്ജയ് നിരുപം തന്റെ ഉദ്ദേശം വ്യക്തമാക്കാന്‍ കൂട്ടിച്ചേര്‍ത്തു. ഇതുവഴി നിലനില്‍പ്പ് തന്നെ നഷ്ടത്തിലായ പാര്‍ട്ടിക്ക് പിന്നീട് ഇതുവരെ തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല, നിരുപം ഓര്‍മ്മിപ്പിച്ചു.

shivsena statement
shivsena statement

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ശിവസേനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും, എന്‍സിപിയും തയ്യാറെടുക്കുന്നത്. ‘യുപിയില്‍ ബിഎസ്പിയുമായി കൂട്ടുകൂടിയ കോണ്‍ഗ്രസിന് തെറ്റ് ചെയ്തു. ഇതില്‍ നിന്നും തിരിച്ചുവരവ് സാധ്യമായിട്ടില്ല. ഇതേ തെറ്റാണ് മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കുന്നത്’, മുന്‍ മുംബൈ കോണ്‍ഗ്രസ് മേധാവി ട്വീറ്റില്‍ വ്യക്തമാക്കി.

ശിവസേന സര്‍ക്കാരിലെ മൂന്നാം സ്ഥാനക്കാരായി നില്‍ക്കുന്നതിലും ഭേദം പാര്‍ട്ടിയെ ജീവനോടെ കുഴിച്ചുമൂടുന്നതാണ്. കോണ്‍ഗ്രസ് അധ്യക്ഷ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങരുത്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.