ഷെഹ്‌ല ഷെറിന്റെ മരണം ലോകം അറിഞ്ഞത് ഇവളിലൂടെ

കുട്ടികൾക്ക് അറിവും സുരക്ഷയും നൽകേണ്ട വിദ്യാലയങ്ങൾ അവരുടെ ജീവനെടുക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾക്കാണ് കേരളക്കര ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. അധ്യാപകന്റെ നിരുത്തരവാദിത്വപരമായ സമീപനത്തിലൂടെ പൊലിഞ്ഞത് അഞ്ചാം ക്ലാസ്സുകാരിയായ ഷെഹ്‌ല എന്ന പെൺകുട്ടിയുടെ സ്വപ്‌നങ്ങളാണ്. നാടെങ്ങും അവൾക്കായി പ്രതിഷേധം ഉയരുമ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് വീറോടെ തന്റെ സഹപാഠിക്കായി ശബ്ദമുയർത്തിയ ഒരു പെൺകുട്ടിയെ ആരും മറന്ന് കാണില്ല.

‘ബെഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാ ആ സാർ പറഞ്ഞത്.ഷെഹ്‌ലയ്ക്ക് കസേരയിൽ ഇരിക്കാൻ പോലും വയ്യായിരുന്നു..ആ കുട്ടി മൂന്നാലു വട്ടം പറഞ്ഞു ആശുപത്രിയിൽ കൊണ്ടുപോകാൻ….’ ഷെഹ്ല ഷെറിന്റെ മരണം ലോകം അറിഞ്ഞത് ഈ വാക്കുകളിലൂടെയാണ്. നിദ ഫാത്തിമ എന്ന ഏഴാം ക്ലാസ്സുകാരിയാണ് ഈ ഉറച്ച ശബ്ദത്തിനുടമ. നിദയിലൂടെയാണ് ഷെഹ്‌ലയ്ക്കു സംഭവിച്ചതെന്തെന്നും അധ്യാപകന്റെ അനാസ്ഥയാണ് ആ കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും പുറംലോകം അറിഞ്ഞത്.

ഷെഹ്‌ലയ്ക്കു വേണ്ടി സംസാരിക്കുന്നതിനു മുൻപും നിദയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ആളിപ്പടർന്നിരുന്നു. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ആ ചിത്രം ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഫോട്ടോഗ്രാഫറായ ജോൺസൺ പട്ടവയലാണ് നിദയുടെ ഈ ചിത്രം പകർത്തിയത്. ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോളുള്ള നിദയുടെ ചിത്രമാണിത്.

മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മിക്കവരുടെയും കവർഫോട്ടോ ആയി മാറിക്കഴിഞ്ഞു നിദ ഫാത്തിമ എന്ന ഈ കൊച്ചു മിടുക്കി. പ്രതികരണശേഷി വറ്റാത്ത പുതുതലമുറയാണ് ഇവൾ