ഷഹലയുടെ മരണം: പ്രിൻസിപ്പാളിനേയും ​ഹെഡ്മാസ്റ്ററേയും സസ്പെന്റ് ചെയതു; സ്കൂൾ പിടിഎ പിരിച്ചു വിട്ടു

സുൽത്താൻ ബത്തേരിയിൽ ക്ലാസ് റൂമിൽ വെച്ച് പാമ്പുകടിയേൽക്കുകയും അധികൃതരുടെ അനാസ്ഥമൂലം മരണപ്പെടുകയും ചെയ്ത ഷഹലയുടെ മരണത്തിൽ കൂടുതൽ നടപടി. ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിൻസിപ്പാളിനേയും ​ഹെഡ്മാസ്റ്ററേയും സസ്പെന്റ് ചെയ്യുകയും സ്കൂൾ പിടിഎ പിരിച്ച് വിടുകയും ചെയ്തു. പ്രിന്‍സിപ്പള്‍ കരുണാകരനെയും ഹെഡ്മാസ്റ്റര്‍ കെ.മോഹന്‍ കുമാറിനെയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. ഇന്നലെ തന്നെ ആരോപണ വിധേയനായ ഒരു അദ്ധ്യാപകനേയും താലൂക്കാശുപത്രിയിലെ ഡോക്ടറേയും സർക്കാർ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇവർക്കതിരെയുള്ള നടപടി കൂടുതല്‍ ശക്തമാക്കമെന്ന ആവശ്യം ഉന്നയിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും സമരത്തിലാണ്. ഷഹലയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ വയനാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

കളക്ടറേറ്റിനുള്ളിലേക്ക് പ്രവർത്തകർ ചാടിക്കയറാൻ ശ്രമിച്ചതോടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. വനിതകളുൾപ്പെടെ നൂറോളം വരുന്ന പ്രതിഷേധക്കാര്‍ കളക്ടറേറ്റിനകത്തേക്ക് ഓടിക്കയറിയതോടെ വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. അതേസമയം സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രികളുടെ വീഴ്ചയെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ (വിജിലൻസ്) അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെടുന്നതായും വാർത്തയുണ്ട്. സംഭവത്തെ കുറിച്ച് വ്യാഴാഴ്ച തന്നെ വിശദമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ഇടപെടുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിയ്ക്കും നോട്ടീസയയ്ക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അംഗമായ യശ്വന്ത് ജയിന്‍ അറിയിച്ചു. ആവശ്യമുണ്ടെങ്കില്‍ കമ്മിഷന്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് തെളിവുകള്‍ സ്വീകരിക്കുമെന്നും സംഭവം അതീവ ഗൗരവമായാണ് സമീപിക്കുന്നതെന്നും കമ്മിഷന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് തേടി ഇന്ന് തന്നെ നോട്ടീസയയ്ക്കുമെന്നും കമ്മിഷന്‍ സൂചന നല്‍കി.