പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനിയുടെ മരണം; അസാധാരണ നടപടിയുമായി ഹൈക്കോടതി

കല്പറ്റ:സുൽത്താൻ ബത്തേരിയിൽ ക്ലാസ്മുറിയിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ഷഹല പാമ്പുകടിയേറ്റു മരിച്ചതിൽ ഹൈക്കോടതിയുടെ അസാധാരണ ഇടപെടൽ.സ്‌കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്താൻ ഹൈക്കോടതി ജഡ്ജി നേരിട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് ജില്ലാ ജഡ്ജിയും, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർപേഴ്‌സണും സ്‌കൂളിലെത്തി. സ്‌കൂൾ പരിശോധിച്ച ശേഷം വിശദമായ റിപ്പോർട്ട് നൽകുമെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയാണ് വേണ്ടതെന്നും ജില്ലാ ജഡ്ജി എ ഹാരിസ് പറഞ്ഞു.ഈ ദുരവസ്ഥ ഇവിടെ കൊണ്ട് തീരണം. ഒരുപരിശോധന എന്നതിലുപരിയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി നടപടിയുണ്ടാകുമെന്നും എ ഹാരിസ് പറഞ്ഞു. പ്രധാനാദ്ധ്യാപകനും മറ്റു അദ്ധ്യാപകർക്കും ഗുരുതര വീഴ്ചപറ്റിയെന്നും സ്കൂളിന്‍റെ അവസ്ഥ ദയനീയമാണ്. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് 2.30ന് വിദഗ്ദ സമിതിയുടെ യോഗം ചേരുന്നുണ്ട്. പ്രധാനാധ്യാപകനും പി.ടി.എ പ്രസിഡന്റും യോഗത്തില്‍ പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു.കുട്ടിയുടെ മരണം കേവലം ഒരു വിദ്യാര്‍ഥിയുടെ മരണമായി കാണാതെ സ്വന്തം കുട്ടിയുടെ മരണമായി കാണണമെന്നും ജഡ്ജി പ്രധാനദ്ധ്യാപകനോട് പറഞ്ഞു. കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ ആശുപത്രികള്‍ക്കുണ്ടായ വീഴ്ച ആരോഗ്യ വകുപ്പ് അന്വേഷിക്കും.നാല് ആശുപത്രികള്‍ക്കും വീഴ്ചപറ്റിയോ എന്ന് ആരോഗ്യ വകുപ്പിലെ അഭ്യന്തര വിജിലന്‍സ് വിഭാഗമാണ് അന്വേഷിക്കുന്നത്. ജില്ലാ പ്രാഥാമികാരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷ​ണം. ഇതിനിടെ സ്‌കൂൾ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രകടനവും മാർച്ചും നടത്തി. സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, മതിയായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നി ആവശ്യങ്ങളും വിദ്യാർത്ഥികൾ ഉന്നയിച്ചു.