ശിവസേനയ്ക്ക് ബിജെപി കൊടുത്തത് കണക്കുകൂട്ടിയ തിരിച്ചടി

ബിജെപിയെ കുത്തിനോവിക്കുന്ന ശിവസേനയെ സംബന്ധിച്ച് കുറച്ച് വര്‍ഷങ്ങളായി ഒരു വിനോദമായിരുന്നു. ബിജെപി വിവിധ സംസ്ഥാനങ്ങളില്‍ അധികാരം നേടുമ്പോഴും ഒരു പ്രതിപക്ഷ പാര്‍ട്ടിയെ പോലെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതാണ് അവര്‍ പയറ്റിവന്ന രീതി.

മഹാരാഷ്ട്രയില്‍ കാല്‍ക്കീഴിലെ മണ്ണ് ബിജെപി വലിച്ചുകൊണ്ടുപോകുമെന്ന ആശങ്ക തന്നെയാണ് ഇതിന് ഇടയാക്കിയതും. എന്നാല്‍ എന്‍സിപിയിലെ അജിത് പവാറിനെ കൂടെക്കൂട്ടി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് പഴയ സഖ്യകക്ഷിക്ക് കണക്കുകൂട്ടിയുള്ള തിരിച്ചടി നല്‍കുന്നതായി.

എന്‍സിപി നേതാക്കളുമായുള്ള ചര്‍ച്ച ബിജെപി ദിവസങ്ങളായി നടത്തിവരികയാണെന്നാണ് ചില മുതിര്‍ന്ന ബിജെപി നേതാക്കള്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഏപ്രിലില്‍ എന്‍സിപിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ശിവസേനയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ അവസരം നോക്കിയിരുന്ന ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ സഖ്യകക്ഷിയില്‍ നിന്ന് കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടി വന്നു.

സേന ബിജെപിയെ പതിവായി അപമാനിച്ച് വരികയായിരുന്നു, അയോധ്യ ക്ഷേത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇത് തുടര്‍ന്നു. എന്നിരുന്നാലും ദീര്‍ഘകാല സഖ്യകക്ഷിയെന്ന നിലയിലാണ് ശിവസേനയെ സഹിച്ച് വന്നത്. ആര്‍എസ്എസും ഹിന്ദു വോട്ട് ബാങ്ക് തകര്‍ക്കേണ്ടെന്ന് ഉപദേശിച്ചു, ഇതുമായി ബന്ധപ്പെട്ട ബിജെപി നേതാവ് വ്യക്തമാക്കി.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി കസേര ആവശ്യപ്പെട്ട് ശിവസേന വീണ്ടും ബിജെപിയുടെ വഴിമുടക്കി. ഇതോടെ ബിജെപി അണിയറയില്‍ എന്‍സിപി ഉള്‍പ്പെടെ കക്ഷികളുമായി ചര്‍ച്ച തുടങ്ങി. രാജ്യസഭാ എംപിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഭൂപേന്ദര്‍ യാദവ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചു.

വെള്ളിയാഴ്ച പാര്‍ലമെന്റില്‍ പങ്കെടുത്ത യാദവ് മുംബൈയിലേക്ക് വൈകുന്നേരം പറന്നാണ് അജിത് പവാറുമായി ചര്‍ച്ച നടത്തിയത്. രാത്രി തന്നെ കാര്യങ്ങള്‍ ഗവര്‍ണറെ പവാര്‍ നേരിട്ട് വിളിച്ച് അറിയിക്കുകയും വിവരം രാഷ്ട്രപതി ഭവനെ അറിയിക്കുകയുമായിരുന്നു.