പവാറിന് പിന്തുണ കൂടുന്നു- അജിത് പവാര്‍ രാജി വച്ചേക്കും

മുംബൈ: എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ വിമത എം.എല്‍.എമാരുമെത്തി. ഇന്ന് ഉച്ചയോടെ ഡല്‍ഹിക്ക് തിരിച്ച 12 പേരില്‍ ഏഴു പേരാണ് യോഗത്തിനായി തിരിച്ചെത്തിയത്. ഇന്ന് രാവിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത 11 എം.എല്‍.എമാരില്‍ ഏഴു പേരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെ ചടങ്ങിനായി വിളിച്ച അജയ് പവാറിന്റെ വിശ്വസ്തന്‍ ധനഞ്ജയന്‍ മുണ്ടെയും വൈ.ബി ചവാന്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ, അജിത് പവാര്‍ പാര്‍ട്ടി എം.പി സുനല്‍ തത്കാരെ, എം.എല്‍.എമാരായ ദിലീപ് വാല്‍സെ, ഹസന്‍ മുഷ്‌രിഫ്, എന്നിവരുമായി ചര്‍ച്ച നടത്തുകയാണ്. സഹോദരന്‍ ശ്രീനിവാസ് പവാറിന്റെ വീട്ടിലാണ് ചര്‍ച്ച. ഈ വീടിനു മുമ്പില്‍ കാവല്‍ ശക്തമാക്കി. അജിത് പവാര്‍ ഉടന്‍ രാജി വയ്ക്കുമെന്ന് മറാത്തി ചാനല്‍ ആയ സാം ടിവി റിപ്പോര്‍ട്ട് ചെയ്തു

പുതിയ സംഭവങ്ങള്‍ക്കിടെ, അജിത് പവാറിന്റെ ശക്തി കേന്ദ്രമായ ബാരാമതിയില്‍ ശരദ് പവാറിനു വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡുയര്‍ന്നിട്ടുണ്ട്. ബി.ജെ.പി വന്‍ പ്രചാരണം നടത്തിയിട്ടും പവാര്‍ 1.65 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് സഭയിലെത്തിയിരുന്നത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത് അനിവാര്യമായ സാഹചര്യത്തില്‍ പാര്‍ട്ടി എം.എല്‍.എമാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ മാറ്റാന്‍ കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി ചാക്കിട്ടുപിടിത്തം തടയുകയാണ് ലക്ഷ്യം. ഇപ്പോള്‍ നടക്കുന്ന യോഗത്തിന് ശേഷം എം.എല്‍.എമാരെ എന്‍.സി.പി റിസോര്‍ട്ടിലേക്ക് മാറ്റും. കോണ്‍ഗ്രസ് എം.എല്‍.എമാരെ ഭോപ്പാലിലേക്കും ശിവസേന എം.എല്‍.എമാരെ ജെയ്പൂരിലേക്കുമാണ് മാറ്റുന്നത്.

ഇത് രണ്ടാം തവണയാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്. രാഷ്ട്രീയ അനിശ്ചിതത്വം ആരംഭിച്ച ആദ്യ ഘട്ടത്തില്‍ അയല്‍ സംസ്ഥാനമായ ജെയപൂരിലേക്കാണ് ഇവരെ മാറ്റിയിരുന്നത്. 30നകം വിശ്വാസം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ എത്ര എന്‍.സി.പി അംഗങ്ങള്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കും എന്നതില്‍ വ്യക്തതയില്ല. അതുകൊണ്ടു തന്നെ ഭൂരിപക്ഷം ഉറപ്പാക്കാന്‍ തങ്ങളുടെ എം.എല്‍.എമാരെ വലവീശി പിടിച്ചേക്കുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. 288 അംഗസഭയില്‍ 54 ആണ് എന്‍.സി.പിയുടെ അംഗബലം. ബി.ജെ.പിക്ക് 105 സീറ്റുണ്ട്. രണ്ടു പേര്‍ കൂടി ചേര്‍ന്നാല്‍ കേവല ഭൂരിപക്ഷമായ 145 ല്‍ കൂടുതല്‍ കിട്ടും. എന്നാല്‍ എത്ര എന്‍.സി.പി എം.എല്‍.എമാര്‍ ശരദ് പവാറിന് ഒപ്പം നില്‍ക്കുമെന്നതാണ് ചോദ്യം. സംസ്ഥാനത്ത് നിലവില്‍ ഒമ്പത് പേരാണ് സ്വതന്ത്രര്‍. ആര്‍.എസ്.പി, ജെ.എസ്.എസ് പാര്‍ട്ടികള്‍ക്ക് ഒരോ സീറ്റു വീതവും ബി.വി.എക്ക് മൂന്ന് സീറ്റുമുണ്ട്. മൊത്തം 14 സീറ്റ്. ഇരുപതില്‍ക്കൂടുതല്‍ എം.എല്‍.എമാര്‍ എങ്കിലും ശരദ് പവാറിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനം വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങും. വിശ്വാസവോട്ടില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുമെന്ന് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ വ്യക്തമാക്കിയിരുന്നു.