മകള്‍ പോയി,ഇനി ആരെയും കുറ്റപ്പെടുത്താനില്ല: ഷഹലയുടെ അമ്മ

വയനാട്: വലുതാകുമ്പോള്‍ ജഡ്ജിയാകാനായിരുന്നു അവളുടെ ആഗ്രഹം, ഇനിയാരും ചികിത്സ കിട്ടാതെ മരിക്കരുത്. ബത്തേരി സര്‍വജന സ്‌കൂളില്‍ നിന്നും പാമ്പു കടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ അമ്മ അഡ്വ.സജ്‌ന ആയിഷ പറഞ്ഞു.മെഡിക്കല്‍ കോളേജ് പോലുള്ള ഉയര്‍ന്ന ചികിത്സാസൗകര്യം ഇവിടെ വേണമെന്നും സജ്‌ന പറഞ്ഞു. ഷഹല നാലാം ക്‌ളാസുവരെ ബത്തേരി സെയ്ന്റ് ജോസഫിലായിരുന്നു പഠിച്ചിരുന്നത്. അഞ്ചാം ക്‌ളാസു മുതലാണ് സര്‍വജനയില്‍ പഠിക്കാന്‍ തുടങ്ങിയത്. പാമ്പുകടിയേറ്റെന്നും ബത്തേരി താലൂക്കാശുപത്രിയിലാണെന്നും ഷഹലയുടെ അച്ഛന്‍ അഡ്വ.അബ്ദുല്‍ അസീസ് ഫോണില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടു.അതിനിടെ മകളുടെ ഫോണ്‍ വന്നു.ഉമ്മ പേടിക്കേണ്ട,ഒന്നും ഇല്ല എന്നു പറഞ്ഞു.പിന്നീട് ചര്‍ദിച്ചെന്ന് അറിഞ്ഞതോടുകൂടി ധൃതിയില്‍ ആശുപത്രിയില്‍ എത്തി.കോഴിക്കോടു മെഡിക്കല്‍ കോളേജിലേക്കു കൊണ്ടു പോകുന്നതിനിടെ തളര്‍ച്ച കൂടി, കണ്ണുകള്‍ അടഞ്ഞുപോകാതിരിക്കാന്‍ അവള്‍ തന്നെ തുറന്നു പിടിച്ചെന്നും സജ്‌ന പറഞ്ഞു. ഈ കൈകള്‍ കോര്‍ത്തു പിടിച്ചാണ് മകള്‍ മരണത്തിലേക്ക് തെന്നി വീണത് ഇനിയാരെയും കുറ്റപ്പെടുത്താനില്ലെന്നും അവര്‍ പറഞ്ഞു.