പവാര്‍ ട്വിസ്റ്റില്‍ ബി.ജെ.പി പ്രതിരോധത്തില്‍

മുംബൈ: മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ മുംബൈയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഭൂരിപക്ഷം എം.എല്‍.എമാരും പങ്കെടുത്തു. 54ല്‍ 42 പേര്‍ വൈ.ബി ചവാന്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എത്തിയതായി ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത 11ല്‍ ഏഴ് പേരും യോഗത്തിനെത്തി. ബി.ജെ.പിക്കൊപ്പം ചേര്‍ന്ന നിയമസഭാ കക്ഷി നേതാവും പവാറിന്റെ അനന്തരവനുമായ ഉപമുഖ്യമന്ത്രി അജിത് പവാര്‍ യോഗത്തില്‍ നിന്ന് വിട്ടു നിന്നു. യോഗം നടക്കുന്ന വേളയില്‍ അജിത് പവാര്‍ പാര്‍ട്ടി എം.പി സുനല്‍ തത്കാരെ, എം.എല്‍.എമാരായ ദിലീപ് വാല്‍സെ, ഹസന്‍ മുഷ്‌രിഫ് എന്നിവരുമായി ചര്‍ച്ച നടത്തി. സഹോദരന്‍ ശ്രീനിവാസ് പവാറിന്റെ വീട്ടിലായിരുന്നു ചര്‍ച്ച.

എം.എല്‍.എമാരെ സത്യപ്രതിജ്ഞാ ചടങ്ങിനായി വിളിച്ച അജയ് പവാറിന്റെ വിശ്വസ്തന്‍ ധനഞ്ജയന്‍ മുണ്ടെയും പവാര്‍ വിളിച്ച യോഗത്തിനെത്തിയിരുന്നു. വിമത എം.എല്‍.എമാര്‍ ഡല്‍ഹിക്കു പകരം ഗുജറാത്തിലാണ് എത്തിയിട്ടുള്ളത്. അതിനിടെ, 24 മണിക്കൂറിന് അകം മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടിന് ഉത്തരവിടണം എന്നാവശ്യപ്പെട്ട് ശിവസേന സുപ്രിംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് സിങ് സിങ്‌വിയാണ് സേനയ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകുക. നിയമപരമായല്ല സര്‍ക്കാര്‍ രൂപീകരണം എന്നാണ് സേനയുടെ വാദം. 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നിട്ടില്ലെങ്കില്‍ കുതിരക്കച്ചവടത്തിന് സാദ്ധ്യതയുണ്ടെന്നും പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.  നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത് അനിവാര്യമായ സാഹചര്യത്തില്‍ പാര്‍ട്ടി എം.എല്‍.എമാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ മാറ്റാന്‍ കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ ചാക്കിട്ടുപിടിത്തം ഭയന്നാണ് തീരുമാനം. 288 അംഗസഭയില്‍ 54 ആണ് എന്‍.സി.പിയുടെ അംഗബലം. ബി.ജെ.പിക്ക് 105 സീറ്റുണ്ട്. രണ്ടു പേര്‍ കൂടി ചേര്‍ന്നാല്‍ കേവല ഭൂരിപക്ഷമായ 145 ല്‍ കൂടുതല്‍ കിട്ടും. എന്നാല്‍ എത്ര എന്‍.സി.പി എം.എല്‍.എമാര്‍ ശരദ് പവാറിന് ഒപ്പം നില്‍ക്കുമെന്നതാണ് ചോദ്യം. സംസ്ഥാനത്ത് നിലവില്‍ ഒമ്പത് പേരാണ് സ്വതന്ത്രര്‍. ആര്‍.എസ്.പി, ജെ.എസ്.എസ് പാര്‍ട്ടികള്‍ക്ക് ഒരോ സീറ്റു വീതവും ബി.വി.എക്ക് മൂന്ന് സീറ്റുമുണ്ട്. മൊത്തം 14 സീറ്റ്. പാതിയിലേറെ എം.എല്‍.എമാര്‍ ശരദ് പവാറിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനം വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങും.