കോട്ടയത്ത് റിട്ടയേര്‍ഡ് എസ്‌ഐ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കോട്ടയം: കോട്ടയം ഗാന്ധിനഗറില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. അടിച്ചിറ പത്തടിപ്പാലത്ത് പറയക്കാല വീട്ടില്‍ ശശിധരനാണ് മരിച്ചത് . വീടിന് സമീപത്തെ വഴിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രഭാത നടത്തിനായി പോയ ശശിധരനെ വഴിവക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പത്രമിടാന്‍ എത്തിയ യുവാക്കളാണ് ശശിധരനെ രക്തത്തില്‍ കുളിച്ച നിലയില്‍ ആദ്യം കണ്ടത് . രക്തം മുഖത്ത് പടര്‍ന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഉടനെ യുവാക്കള്‍ കൗണ്‍സിലറേയും പൊലീസിനേയും വിവരമറിയിച്ചു .

നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള യുവാവുമായി ശശിധരന്‍ മുമ്പ് വീടിന് സമീപത്തേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് .

ശശിധരന്റെ രണ്ട് മക്കള്‍ വിദേശത്താണ്. ഇന്ന് രാത്രി വിദേശത്തേക്ക് പുറപ്പെടാനിരിക്കെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത് . മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടവും ഇന്‍ക്വസ്റ്റ് നടപടികളും പൂര്‍ത്തിയായ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.