നിദ ഫാത്തിമയ്ക്ക് വീട് ; നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ഏറ്റെടുത്ത് എം.എസ്.എഫ് ഹരിത

വയനാട്: ബത്തേരി സര്‍വജന സ്‌കൂളിലെ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സഹപാഠിക്കുവേണ്ടി ഉറച്ച ശബ്ദത്തോടെ മാധ്യമങ്ങള്‍ക്ക് മുന്നില് നിന്ന നിദ ഫാത്തിമയുടെ വീട് നിര്‍മ്മാണം എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തു. ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നിയാണ് സോഷ്യല്‍ മീഡിയയിലൂടെ വീട് നിര്‍മ്മാണം ഏറ്റെടുത്ത കാര്യം അറിയിച്ചത്.

ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നിയുടെ ഫെയ്‌സ്ബുക്ക്‌ കുറിപ്പ്

ക്ലാസ് റൂമില്‍ പാമ്പ് കടിയേറ്റ് മരിച്ച ശഹലക്ക് നീതി ലഭിക്കാന്‍ വേണ്ടി പോരാടുന്ന നിദ ഫാത്തിമയുടെ ഒപ്പം എന്നും ഹരിതയുണ്ടാകും. നിദ ഫാത്തിമയുടെ വീട് നിര്‍മ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു.

മരണപ്പെട്ട ഷഹല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്നും നിദ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു.ഇതിന് പിന്നാലെ ബത്തേരി-മൈസൂര്‍ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദ ഫാത്തിമയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണ ലഭിച്ച നിദയെ അഭിനന്ദിച്ച് നിരവധി പേരും രംഗത്തുവന്നിരുന്നു. നിദയുടെ ഈ ഉറച്ച പ്രതികരണത്തിന് ശേഷം ബത്തേരി സര്‍വജന സ്‌കൂളില്‍ അറ്റകുറ്റപണികളും ശുചീകരണവും പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ